അടപടലം തോറ്റ് ലിവര്‍പൂള്‍! എത്തിഹാദില്‍ പൂണ്ടുവിളയാടി മാഞ്ചസ്റ്റര്‍ സിറ്റി

കളി തുടങ്ങി 17ാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. ദ്യോഗോ ജോട്ടയുടെ മുന്നേറ്റമാണ് ഗോളിലേക്കുള്ള വഴി തുറന്നത്
ഗോൾ നേട്ടമാഘോഷിക്കുന്ന അൽവാരസ്/ എഎഫ്പി
ഗോൾ നേട്ടമാഘോഷിക്കുന്ന അൽവാരസ്/ എഎഫ്പി

ലണ്ടന്‍: ആഴ്‌സണലിന്റെ നെഞ്ചില്‍ വീണ്ടും തീ കോരിയിട്ട് പെപ് ഗെര്‍ഡിയോളയും സംഘവും. എത്തിഹാദില്‍ ലിവര്‍പൂളിനെ അടപടലം തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി മുന്നോട്ട്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സ്വന്തം തട്ടകത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 

ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലും രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം അഞ്ചായി. 28 മത്സരങ്ങളില്‍ നിന്ന് ആഴ്‌സണലിന് 69 പോയിന്റും ഇത്രയും മത്സരങ്ങളില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് 64 പോയിന്റും. 

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് സിറ്റിയുടെ തകര്‍പ്പന്‍ ജയം. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചാണ് സിറ്റി ഇടവേളയ്ക്ക് പോയത്. പിന്നാലെ തിരിച്ചെത്തി മൂന്ന് ഗോളുകള്‍ കൂടി വലയിലിട്ട് സിറ്റി ലിവര്‍പൂളിനെ തകര്‍ത്തു വിട്ടു. ജൂലിയന്‍ അല്‍വാരസ്, കെവിന്‍ ഡിബ്രുയ്ന്‍, ഇല്‍കെ ഗണ്ടോഗന്‍, ജാക്ക് ഗ്രീലിഷ് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ലിവര്‍പൂളിന്റെ ഏക ഗോള്‍ മുഹമ്മദ് സല സ്വന്തം പേരിലാക്കി.

കളി തുടങ്ങി 17ാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. ദ്യോഗോ ജോട്ടയുടെ മുന്നേറ്റമാണ് ഗോളിലേക്കുള്ള വഴി തുറന്നത്. ഓഫ്‌സൈഡ് ട്രാഫ് ഒഴിഞ്ഞ് ജോട്ട പെനാല്‍റ്റി ബോക്‌സിലേക്ക് കടന്ന് അവിടെ നിന്ന് സലയ്ക്ക് പന്ത് മറിക്കുകയായിരുന്നു. ഈജിപ്ഷ്യന്‍ താരം പന്ത് അനായാസം വലയിലിട്ടു. 

തുടക്കത്തില്‍ ഗോള്‍ വഴങ്ങിയെങ്കിലും കളിയിലെ ആധിപത്യം തകരാതെ നോക്കിയ സിറ്റി പത്ത് മിനിറ്റിനുള്ളില്‍ സമനില പിടിച്ചു. 

വലതു വിങ്ങില്‍ നിന്നുള്ള ആക്രമണമാണ് സമനില ഗോളിലേക്ക് നയിച്ചത്. ഗ്രീലിഷിന്റെ പാസില്‍ നിന്ന് ജൂലിയന്‍ അല്‍വാരസാണ് സിറ്റിക്ക് സമനില ഗോള്‍ സമ്മാനിച്ചത്. 

രണ്ടാം പകുതി തുടങ്ങിയതും സിറ്റി ആക്രമണം വീണ്ടും ആരംഭിച്ചു. അതിന്റെ ഫലം ഉടന്‍ കിട്ടുകയും ചെയ്തു. മഹ്‌രസിന്റെ പാസില്‍ നിന്ന് ഡിബ്രുയ്ന്‍ രണ്ടാം ഗോളിലൂടെ ടീമിനെ മുന്നില്‍ കടത്തി. 

ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ അടുത്ത ഗോളും സിറ്റി വലയിലിട്ടു. ഇത്തവണ ഊഴം ഗുണ്ടോഗനായിരുന്നു. അല്‍വാരസിന്റെ ഗോള്‍ ശ്രമം തടഞ്ഞതിന് പിന്നാലെ റീബൗണ്ട് വന്ന പന്ത് ഗുണ്ടോഗന്‍ വലയിലേക്കിട്ടു. 

ഒടുവില്‍ 74ാം മിനിറ്റില്‍ ഗ്രീലിഷിലൂടെ സിറ്റി പട്ടിക പൂര്‍ത്തിയാക്കി. ഡിബ്രുയ്‌നും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവിലാണ് ഗോളിന്റെ പിറവി. 

മത്സരത്തില്‍ പന്തടക്കവും പാസിങുമൊക്കെ മൃഗീയ ഭൂരിപക്ഷത്തില്‍ സിറ്റിയുടെ ഭാഗത്തായിരുന്നു. 17 തവണയാണ് അവര്‍ ലിവര്‍പൂള്‍ ബോക്‌സില്‍ ഭീതി വിതച്ചത്. ഇതില്‍ എട്ട് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റായിരുന്നു. ലിവര്‍പൂള്‍ ഭാഗം വളരെ ദയനീയമായിരുന്നു. നാല് തവണ മാത്രമാണ് അവര്‍ ശ്രമം നടത്തിയത്. അതില്‍ തന്നെ ഒരു തവണ മാത്രം ഓണ്‍ ടാര്‍ഗറ്റ്. അതുപക്ഷേ അവര്‍ ലക്ഷ്യത്തിലെത്തിച്ചു. 

69 ശതമാനം പൊസഷന്‍ സിറ്റിക്കുണ്ടായിരുന്നു. ലിവര്‍പൂളിന് സ്വാധീനം 31 ശതമാനം മാത്രം. സിറ്റി കൈമാറിയത് 748 പാസുകളെങ്കില്‍ ലിവര്‍പൂള്‍ 337 പാസുകള്‍ മാത്രമാണ് കൈമാറിയത്. ഈ കണക്കില്‍ തന്നെ കളിയുടെ ചിത്രം വ്യക്തം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com