രാജാവായി ബ്രണ്ടൻ കിങ്, അഞ്ചാം മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തു: വിൻഡീസിന് പരമ്പര

55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രണ്ടന്‍ കിങ്ങാണ് വിൻഡീസിന്റെ വിജയം അനായാസമാക്കിയത്
നിക്കോളാസ് പുരന്റെ ബാറ്റിങ്/ ചിത്രം: പിടിഐ
നിക്കോളാസ് പുരന്റെ ബാറ്റിങ്/ ചിത്രം: പിടിഐ

ലൗഡര്‍ഹില്‍: അഞ്ചാം ടി20യിൽ ഇന്ത്യയെ തകർത്ത് വെസ്റ്റ് ഇൻഡീസ്. എട്ട് വിക്കറ്റിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പര 3-2ന് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രണ്ടന്‍ കിങ്ങാണ് വിൻഡീസിന്റെ വിജയം അനായാസമാക്കിയത്. 

61 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യ ഉയർത്തിയ 165 റൺസ് പിന്തുടർന്ന വിൻഡീസിന് തുടക്കം അത്ര നല്ലതായിരുന്നില്ല.  സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ കെയ്ല്‍ മെയേഴ്‌സ് (10) മടങ്ങി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ബ്രണ്ടന്‍ കിങ്ങും നിക്കോളാസ് പുരനും ചേർന്നാണ് വിൻഡീസിനെ വിജയ വഴിയിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 107 റൺസാണ് അടിച്ചുകൂട്ടിയത്. 

 35 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 47 റൺസാണ് പുരൻ നേടിയത്. തിലക് വര്‍മ പുരന്റെ വിക്കറ്റ് പിഴുതെങ്കിലും പിന്നാലെയെത്തിയ ഷായ് ഹോപ് കിങ്ങിന് പിന്തുണ നൽകുകയായിരുന്നു. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിങ്ങിന്റെ ഇന്നിങ്സ്. 

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.  45 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം സൂര്യകുമാര്‍ 61 റണ്‍സ് വാരി.  അല്‍പ്പ നേരെ കളി മഴ മുടക്കിയെങ്കിലും സൂര്യ ടോപ് ഗിയറില്‍ ബാറ്റ് വീശി. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗിലും ക്ഷണത്തില്‍ പുറത്തായി. ഇന്ത്യയുടെ തുടക്കം തന്നെ പാളി. യശസ്വി നാല് പന്തില്‍ അഞ്ച് റണ്‍സും ഗില്‍ ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സുമായും കൂടാരം കയറി. തിലക് വര്‍മയും നിര്‍ണായക സംഭാവന നല്‍കി. താരം 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം താരം 27 റണ്‍സ് അടിച്ചെടുത്തു. സഞ്ജു 13 റണ്‍സുമായും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 14 റണ്‍സുമായും പുറത്തായി. അര്‍ഷ്ദീപ് സിങ് നാല് പന്തില്‍ എട്ട് റണ്‍സുമായി മടങ്ങി. കുല്‍ദീപ് ഗോള്‍ഡന്‍ ഡക്കായി. അക്ഷര്‍ പട്ടേല്‍ 13 റണ്‍സുമായി പുറത്തായി. അവസാന പന്തില്‍ ഫോറടിച്ച് മുകേഷ് കുമാര്‍ സ്‌കോര്‍ 165ലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com