'ഇന്ത്യ ദുര്‍ബലര്‍, ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ നേടും'

രണ്ട് സുപ്രധാന താരങ്ങളുടെ അഭാ​വം ഇന്ത്യയുടെ സാധ്യതകളെ മങ്ങലേല്‍പ്പിക്കുന്നു
ബുമ്രയും പന്തും/ ട്വിറ്റർ
ബുമ്രയും പന്തും/ ട്വിറ്റർ
Updated on

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും ആവേശ പോരാട്ടമാണ് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരങ്ങള്‍. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പര പടിവാതില്‍ക്കല്‍ നില്‍ക്കെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകളും സജീവം. 

ഇപ്പോള്‍ ശ്രദ്ധേയമായൊരു നിരീക്ഷണം പങ്കിടുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗ്രെയ്​ഗ് ചാപ്പല്‍. ഇന്ത്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയ പരമ്പര നേടുമെന്നാണ് ചാപ്പല്‍ വിലയിരുത്തുന്നത്. സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് പത്രത്തിലെഴുതിയ കോളത്തിലാണ് ചാപ്പലിന്റെ നിരീക്ഷണങ്ങള്‍. 

ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ കൂടുതല്‍ ദുര്‍ബലമായ അവസ്ഥയിലാണുള്ളതെന്ന് ചാപ്പല്‍ പറയുന്നു. രണ്ട് സുപ്രധാന താരങ്ങളുടെ അഭാ​വം ഇന്ത്യയുടെ സാധ്യതകളെ മങ്ങലേല്‍പ്പിക്കുന്നു എന്നതാണ് അതിനുള്ള കാരണമായി അദ്ദേഹം നിരത്തുന്നത്.  

'പരിക്കേറ്റ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര, കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഋഷഭ് പന്ത് എന്നിവരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. ഇവരുടെ അഭാവം കുറച്ചു കാലമായി ഇന്ത്യയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീം ദുര്‍ബലമാണ്. ഓസ്‌ട്രേലിയക്ക് പരമ്പര നേടാനുള്ള എല്ലാ സാധ്യതകളും ഇതു തുറന്നിടുന്നു.' 

'സാധാരണ നിലയില്‍ സന്ദര്‍ശക ടീമുകള്‍ എങ്ങുമെത്താതെ പോകുന്ന കാഴ്ചയാണ് മിക്കപ്പോഴും. അതിനാല്‍ ഓസ്‌ട്രേലിയ വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്.' 

ഫിംഗര്‍ സ്പിന്നറായ ആഷ്ടന്‍ ആഗറിനെ നതാന്‍ ലിയോണിനൊപ്പം ഓസ്‌ട്രേലിയ കളിപ്പിക്കണമെന്നും ചാപ്പല്‍ പറയുന്നു. 

'സ്പിന്നിനെ നന്നായി പിന്തുണയ്ക്കുന്ന പിച്ചുകളായിരിക്കും കൂടുതലും. അതുകൊണ്ടു തന്നെ ആഷ്ടന്‍ ആഗറിന് കൂടുതല്‍ അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. കൂടുതല്‍ കൃത്യതയുള്ള താരമാണ് അദ്ദേഹം.' 

പരിക്ക് മാറി രഞ്ജി ട്രോഫി കളിച്ച് സ്പിന്‍ ഓള്‍റൗണ്ടര്‍ ജഡേജ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കുംബ്ലെയ്ക്ക് ശേഷം വേഗമേറിയതും ഫഌറ്റായതുമായ പന്തുകള്‍ എറിയുന്ന ജഡേജയുടെ സാന്നിധ്യവും ചാപ്പല്‍ എടുത്തു പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com