വീണ്ടും തോളിലേറ്റി അക്ഷര്‍ പട്ടേല്‍; അര്‍ധ സെഞ്ച്വറി; ലീഡിനായി ഇന്ത്യ പൊരുതുന്നു 

വാലറ്റത്ത് അക്ഷര്‍ പട്ടേല്‍- ആര്‍ അശ്വിന്‍ സഖ്യം ഇന്ത്യയെ കരകയറ്റാനുള്ള ശ്രമം തുടരുന്നു
സിക്സർ തൂക്കുന്ന അക്ഷർ പട്ടേൽ/ എഎഫ്പി
സിക്സർ തൂക്കുന്ന അക്ഷർ പട്ടേൽ/ എഎഫ്പി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസ് സ്പിന്നിന് മുന്നില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്ത് അക്ഷര്‍ പട്ടേല്‍- ആര്‍ അശ്വിന്‍ സഖ്യം ഇന്ത്യയെ കരകയറ്റാനുള്ള ശ്രമം തുടരുന്നു. തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലും അക്ഷര്‍ അര്‍ധ ശതകവുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി മാറി. താരം 67 റണ്‍സുമായി ബാറ്റിങ് തുടരുന്നു. 37 റണ്‍സുമായി അശ്വിനാണ് കൂട്ട്. അക്ഷർ ഒൻപത് ഫോറും രണ്ട് സിക്സും പറത്തി.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയില്‍. ഓസ്‌ട്രേലിയയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 11 റണ്‍സ് കൂടി വേണം.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയിലാണ് അക്ഷര്‍- അശ്വിന്‍ സഖ്യം ക്രീസില്‍ ഒന്നിച്ചത്. പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടു. 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണിന്റെ സ്പിന്നിന് മുന്നിലാണ് പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് എന്നിവര്‍ നതാന്‍ ലിയോണിനു മുന്നില്‍ വീണു. 

വിരാട് കോഹ്‌ലി മികച്ച ബാറ്റിങുമായി കളം നിറയവെയാണ് അരങ്ങേറ്റക്കാരന്‍ മാത്യു കുന്നെമന്‍ ഇന്ത്യന്‍ മുന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. കോഹ്‌ലി 44 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 26 റണ്‍സുമായി മടങ്ങി. ശ്രീകര്‍ ഭരത് ഇത്തവണയും പരാജയമായി. താരം ആറ് റണ്‍സുമായി മടങ്ങി. 

നേരത്തെ സ്‌കോര്‍ 46 റണ്‍സ് നില്‍ക്കെ കെ എല്‍ രാഹുല്‍ 17 റണ്‍സില്‍ എല്‍ബിയില്‍ പുറത്തായി. തുടര്‍ന്ന് 32 റണ്‍സെടുത്ത് ക്യാപറ്റന്‍ രോഹിത് ശര്‍മയും പൂജ്യത്തിന് ചേതേശ്വര്‍ പൂജാരയും പുറത്തായി. 

ഇന്നലെ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സെടുത്ത് പുറത്തായ ഓസീസിനെതിരെ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലായിരുന്നു. നാല് വിക്കറ്റുകള്‍ നേടിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കുവച്ച സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുമാണ് ഓസീസിനെ ആദ്യ ദിനം എറിഞ്ഞിട്ടത്.  ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ ബാറ്റിങ്ങാണ് ഓസിട്രേലിയയ്ക്ക് തുണയായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 78.4 ഓവറില്‍ 263 റണ്‍സെടുത്ത് ഓള്‍ഔട്ട് ആയി. 125 പന്തില്‍ 81 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ ആണ് ടോപ് സ്‌റ്റോറര്‍. 168 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടമായ ഓസീസിനെ ഹാന്‍ഡ്‌കോംബ്കമ്മിന്‍സ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 15 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്തടുത്ത പന്തുകളില്‍ മാര്‍നസ് ലബുഷെയ്‌നിനെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കി അശ്വിന്‍ കംഗാരുക്കളെ ഞെട്ടിച്ചു. 

ലബുഷെയ്ന്‍ 18 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. ട്രാവിസ് ഹെഡ് 12 റണ്‍സെടുത്ത് പുറത്തായി. ഷമിക്കാണ് വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെയും അശ്വിന്‍ പുറത്താക്കി. ഓസീസ് ടോപ് സ്‌കോറര്‍ ഖവാജയെ രവീന്ദ്ര ജഡേജ രാഹുലിന്റെ കൈകളിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com