ലബുഷെയ്‌ന് സെഞ്ച്വറി, ഓസ്‌ട്രേലിയ പൊരുതുന്നു; ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ മഴയില്‍ ഒലിക്കുമോ? 

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി മിച്ചല്‍ മാര്‍ഷും മൂന്ന് റണ്‍സുമായി കാമറോണ്‍ ഗ്രീനുമാണ് ക്രീസില്‍
മര്‍നസ് ലബുഷെയ്ന്‍/ ട്വിറ്റര്‍
മര്‍നസ് ലബുഷെയ്ന്‍/ ട്വിറ്റര്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പോരാട്ടത്തിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. നാലാം ദിവസം ഭൂരിഭാഗം സമയവും മഴ കളിച്ചത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. 275 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസ് നാലാം ദിനം കളി നേരത്തെ നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയില്‍. അഞ്ച് വിക്കറ്റുകള്‍ കൈയിലുള്ള സന്ദര്‍ശകര്‍ക്ക് ലീഡ് മറികടക്കാന്‍ ഇനി 61 റണ്‍സ് കൂടി വേണം. 

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (18), ഡേവിഡ് വാര്‍ണര്‍ (28), സ്റ്റീവ് സ്മിത്ത് (17), ട്രാവിസ് ഹെഡ്ഡ് (ഒന്ന്) എന്നിവര്‍ രണ്ടാം ദിനത്തില്‍ പുറത്തായിരുന്നു. പിന്നീട് ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് മര്‍നസ് ലബുഷെയ്ന്‍ പോരാട്ടം ഇംഗ്ലണ്ട് ക്യാമ്പിലേക്ക് നയിച്ചു. താരം ഉജ്ജ്വല സെഞ്ച്വറി നേടിയാണ് ക്രീസ് വിട്ടത്. പത്ത് ഫോറും രണ്ട് സിക്‌സും സഹിതം ലബുഷെയ്ന്‍ 111 റണ്‍സ് കണ്ടെത്തി. ജോ റൂട്ടാണ് താരത്തെ മടക്കി ഇംഗ്ലണ്ടിനു ആശ്വാസം നല്‍കിയത്.

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സുമായി മിച്ചല്‍ മാര്‍ഷും മൂന്ന് റണ്‍സുമായി കാമറോണ്‍ ഗ്രീനുമാണ് ക്രീസില്‍. 

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.  

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 317 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 592 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ബാസ്‌ബോള്‍ കരുത്ത് എന്താണെന്ന് നാലാം ടെസ്റ്റിലാണ് ഓസീസ് ശരിക്കും മനസിലാക്കിയത്. 

സാക് ക്രൗളിയുടെ (189) തകര്‍പ്പന്‍ ബാറ്റിങ്ങിന് പുറമേ മൊയീന്‍ അലി, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. പുറത്താകാതെ നിന്ന ബെയര്‍സ്‌റ്റോക്ക് ഒരു റണ്ണിന് സെഞ്ച്വറി നഷ്ടമായി.

വെടിക്കെട്ട് ബാറ്റിങ്ങാണ് ബെയര്‍സ്‌റ്റോ പുറത്തെടുത്തത്. 81 പന്തില്‍ 99 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോ നാല് പന്താണ് നിലംതൊടാതെ അതിര്‍ത്തി കടത്തിയത്. 10 ഫോറുകളും ഇന്നിംഗ്‌സിന് ചാരുത നല്‍കി. വാലറ്റത്തെ കൂട്ടുപിടിച്ചാണ് ബെയര്‍സ്‌റ്റോ കത്തിക്കയറിയത്.

രണ്ടാം ദിനത്തിലെ താരമായ ക്രൗളി 182 പന്തില്‍ 21 ഫോറും 3 സിക്‌സറും സഹിതമാണ് 189 റണ്‍സ് അടിച്ചത്.  തകര്‍ത്തടിച്ച ഓപ്പണര്‍ സാക് ക്രൗളിയാണ് രണ്ടാംദിനം ദിനം ഇംഗ്ലണ്ടിന്റേതാക്കിയത്. ഒരു റണ്ണിനു പുറത്തായ ബെന്‍ ഡുക്കറ്റിനു ശേഷമെത്തിയ മൊയിന്‍ അലി (54), ജോ റൂട്ട് (84) എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ സാക് ക്രൗളിക്കു സാധിച്ചു. പിന്നാലെ ഹാരി ബ്രൂക് (61), ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് (51) എന്നിവരും അര്‍ധ ശതകം നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com