'ഇത് ഭ്രാന്താണ്, അവസാനിപ്പിക്കേണ്ടതുണ്ട്'; അര്‍ജന്റൈന്‍ ആരാധകരെ തല്ലിചതച്ചതിനെതിരെ മെസി

മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്
മെസി/ ഫയല്‍
മെസി/ ഫയല്‍

റിയോ ഡെ ജനീറോ: മാറക്കാന സ്‌റ്റേഡിയത്തില്‍ ബ്രസില്‍ - അര്‍ജന്റീന ലോകകപ്പ് മത്സരത്തിന് മുന്നെയുണ്ടായ ഏറ്റുമുട്ടലുകളില്‍ പ്രതികരിച്ച് ലയണല്‍ മെസി. ബ്രസീലുകാര്‍ക്ക് കളിയേക്കാള്‍ ശ്രദ്ധ അര്‍ജന്റീനക്കാരെ തല്ലുന്നതിലായിരുന്നെന്നും മെസി മത്സര ശേഷം പറഞ്ഞു.

'അവര്‍ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു, അത് മുമ്പ് ലിബര്‍ട്ടഡോര്‍സ് ഫൈനലിലും സംഭവിച്ചു. കളിയേക്കാള്‍ അവര്‍ ശ്രദ്ധിച്ചത് അതിലായിരുന്നു. എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് ഞങ്ങള്‍ ലോക്കര്‍ റൂമിലേക്ക് പോയത്, ഒരു ദുരന്തം വരെ സംഭവിക്കാമായിരുന്നു' മത്സര ശേഷം മെസി പറഞ്ഞു.

'ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, ഇത് ഭ്രാന്താണ്, ചരിത്രം തുടരുകയാണ്. മാറക്കാനയില്‍ ഞങ്ങള്‍ മികച്ച വിജയം നേടി, എങ്കിലും ഈ മത്സരം ഓര്‍ക്കുക ബ്രസീലുകാര്‍ അര്‍ജന്റീനക്കാരെ അടിച്ചമര്‍ത്തിയതിന്റെ പേരിലാകും.'  മെസി
ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് അര്‍ജന്റീനയുടെ ആരാധകരെ പൊലീസുകാര്‍ അടിച്ചോടിക്കുകയായിരുന്നു. ദേശീയഗാനത്തിനിടെ മോശം പെരുമാറ്റം ഉണ്ടായതില്‍ ബ്രസീല്‍ പൊലീസ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്കെതിരെ കേസെടുത്തു. അര്‍ജന്റീനയുടെ ദേശീയഗാന സമയത്ത് ബ്രസീലുകാര്‍ കൂവിവിളിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. 

ഗ്യാലറിക്കരികിലെത്തി കളിക്കാര്‍ ആരാധകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീനയുടെ ടീം അംഗങ്ങള്‍ ലോക്കര്‍ റൂമിലേക്ക് തിരികെ പോയി.  അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിശ്ചിത സമയത്തിനും അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. മത്സരത്തില്‍ ഒരു ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com