5000 റണ്‍സിന് അരികില്‍ സ്മിത്ത്, രാഹുല്‍ റെക്കോര്‍ഡിടുമോ?; ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്, കണക്കിലെ കളികള്‍ നോക്കാം 

ലോകകപ്പിന് മുന്‍പുള്ള അവസാന തയ്യാറെടുപ്പ് മത്സരങ്ങള്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ടീം കാണുന്നത്
ഇന്ത്യൻ ടീം പരിശീലനത്തിൽ,image credit/bcci
ഇന്ത്യൻ ടീം പരിശീലനത്തിൽ,image credit/bcci

മൊഹാലി: ലോകകപ്പിന് മുന്‍പുള്ള അവസാന തയ്യാറെടുപ്പ് മത്സരങ്ങള്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ടീം കാണുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തില്‍ നടക്കുന്നത്. 

രോഹിത് ശര്‍മ്മയും വിരാട് കോഹ് ലിക്കും വിശ്രമം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ആണ് ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. പരിക്കില്‍ നിന്ന് മുക്തമായി ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ ഏഷ്യാകപ്പില്‍ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. പരിക്കില്‍ നിന്ന് മുക്തമായി ടീമിനൊപ്പം ചേര്‍ന്ന പാറ്റ് കമ്മിന്‍സ് ആണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്. ഏഷ്യാകപ്പ് സ്വന്തമാക്കിയ ടീമില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയായിരിക്കും ഇന്ന് ഇന്ത്യന്‍ ടീം കളിക്കളത്തില്‍ ഇറങ്ങുക.

ഏകദിനത്തില്‍ 61 റണ്‍സ് കൂടി മതി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന് 5000 റണ്‍സ് തികയ്ക്കാന്‍. ഇന്നത്തെ മത്സരത്തില്‍ തന്നെ സ്റ്റീവ് സ്മിത്ത് 5000 റണ്‍സ് തികയ്ക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കെ എല്‍ രാഹുലും റെക്കോര്‍ഡിന് അരികിലാണ്. ഏകദിനത്തില്‍ അതിവേഗത്തില്‍ 50 സിക്‌സുകള്‍ പായിച്ച താരമെന്ന ഖ്യാതിയുടെ അരികിലാണ് രാഹുല്‍. രാഹുല്‍ ഈ റെക്കോര്‍ഡ് ഇന്ന് തന്നെ കുറിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷയോടെ നോക്കുന്നത്. 

ഏകദിനത്തില്‍ ഇരുടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ കണക്ക് പരിശോധിച്ചാല്‍ ഏറ്റവുമധികം ജയം നേടിയത് ഓസ്‌ട്രേലിയയാണ്. ഇരുടീമുകളും തമ്മില്‍ 146 ഏകദിനങ്ങളിലാണ് നേര്‍ക്കുനേര്‍ വന്നത്. ഓസീസ് ടീം 82 തവണ വിജയിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 54 തവണ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. പത്തുമത്സരങ്ങളില്‍ ഫലം കണ്ടില്ല. മൊഹാലിയില്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പമായിരുന്നു കൂടുതല്‍ തവണ ഭാഗ്യം. മൊഹാലിയില്‍ അഞ്ചുതവണയാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. നാലുതവണയും ഓസ്‌ട്രേലിയയാണ് വിജയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com