ദിലീപിന്റെ ജാമ്യാപേക്ഷിയില്‍ ഹൈക്കോടതി ഉത്തരവ് തിങ്കളാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2017 07:02 PM  |  

Last Updated: 21st July 2017 11:17 PM  |   A+A-   |  

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പൂര്‍ത്തിയാക്കിയിരുന്നു. കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രതി ആയതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു

എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്ന ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആക്രമണത്തിന് ഇരയായ നടിപോലും വ്യക്തി വൈരാഗ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാം കുമാര്‍ വാദിച്ചു. 

എന്നാല്‍ ബലാത്സംഗത്തിന് ഇരയാക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് നിയമ ചരിത്രത്തില്‍ ആദ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു.