കേരളത്തിന് കൈത്താങ്ങായി അദാനി ഗ്രൂപ്പ് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി 

ആദ്യഗഡുവായി 25 കോടി രൂപ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഐ രാജേഷ് ഝാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി
കേരളത്തിന് കൈത്താങ്ങായി അദാനി ഗ്രൂപ്പ് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി 

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് കൈത്താങ്ങുമായി അദാനി ഗ്രൂപ്പും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ നല്‍കും. അദാനി ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. 

ഇതിന്റെ ആദ്യഗഡുവായി 25 കോടി രൂപ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ രാജേഷ് ഝാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൂടാതെ അദാനി ഗ്രൂപ്പിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളവും, പ്രളയക്കെടുതിയില്‍ തകര്‍ന്ന  കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 

വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണത്തിലേര്‍പ്പെടുന്ന അദാനി ഗ്രൂപ്പ്, ഇവരുമായി സഹകരിച്ച് കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു വരികയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളായ കോക്കാത്തോട്, മുണ്ടന്‍പ്ലാവ്, നെല്ലിക്കാംപാറ, കോട്ടംപാറ കുരിശടി, വഞ്ചിപ്രാമല, മംഗരു തുടങ്ങിയ ഗ്രാമങ്ങളില്‍ പ്രവര്‍ത്തകര്‍ ദുരിതാസ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. 

അദാനി ഗ്രൂപ്പിന്റെ ഹെല്‍ത്ത് മൊബൈല്‍ യൂണിറ്റും പ്രളയബാധിത മേഖലകളില്‍ സേവനം ചെയ്തുവരുന്നതായി അധികൃതര്‍ അറിയിച്ചു. ഡോക്ടറും ഫാര്‍മസിസ്റ്റും അടങ്ങുന്ന യൂണിറ്റ് രോഗികളെ പരിശോധിക്കുകയും, പകര്‍ച്ചവ്യാധി തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയും ചെയ്യുകയാണ്. കൂടാതെ നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഭക്ഷണവും അദാനി ഗ്രൂപ്പ് നല്‍കിവരുന്നതായി അദാനി ഫൗണ്ടേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com