സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടാനാകും ? ; മന്ത്രിമാര്‍ക്കെതിരെയും കേസില്ലേ ?; സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി
സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടാനാകും ? ; മന്ത്രിമാര്‍ക്കെതിരെയും കേസില്ലേ ?; സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

കൊച്ചി : ബിജെപി നേതാവ് കെ സുരേന്ദ്രനെ എത്രകാലം ജയിലില്‍ അടച്ചിടാനാകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തപ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്. സുരേന്ദ്രന്‍ ഇറങ്ങിയാല്‍ ശബരിമലയില്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. അപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. 

സുരേന്ദ്രനെതിരെ റിമാന്‍ഡുണ്ടെന്നും, നിരവധി കേസുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോള്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ അടക്കം നിരവധി നേതാക്കള്‍ക്കെതിരെയും കേസുകള്‍ ഇല്ലേയെന്ന് കോടതി തിരിച്ചുചോദിച്ചു. 

ജാമ്യാപേക്ഷ പരിഗണിച്ച കോടതി സുരേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതിഷേധ സമയത്ത് സുരേന്ദ്രന്‍ ശബരിമലയില്‍ പോയത് എന്തിനെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തി ന്യായീകരിക്കാനാകില്ല. ഉത്തരവാദിത്തമുള്ള പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രിംകോടതി വിധി മാനിച്ചില്ലെന്നും കോടതി പറഞ്ഞു. 

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്തെത്തി. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ചെയ്യുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രനില്‍ നിന്നും ഉണ്ടായത്. ശബരിമലയില്‍ സ്ത്രീയെ തടയാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണ്. സുരേന്ദ്രന് ജാമ്യം നല്‍കിയാല്‍ ശബരിമലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷം കേസില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com