കെ സുരേന്ദ്രന്റെ റിമാന്‍ഡ് വീണ്ടും നീട്ടി ; 20 വരെ ജയിലില്‍ 

പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്
കെ സുരേന്ദ്രന്റെ റിമാന്‍ഡ് വീണ്ടും നീട്ടി ; 20 വരെ ജയിലില്‍ 

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയത്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്. 

ചിത്തിര ആട്ട വിശേഷ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഈ കേസില്‍ ഇതുവരെ കോടതി സുരേന്ദ്രന് ജാമ്യം നല്‍കിയിട്ടില്ല.

അതേസമയം പൊലീസ് തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇന്ന് സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിഷേധസമയത്ത് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാനാകില്ല. ഉത്തരവാദിത്തമുള്ള പദവിയില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ ചെയ്യരുതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com