ശബരിമല അക്രമം; വത്സൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2018 05:23 AM |
Last Updated: 16th December 2018 05:23 AM | A+A A- |

തലശ്ശേരി: ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുള്ള വ്യവസ്ഥകൾക്ക് പുറമേ 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കൂടിയാണ് മുൻകൂർ ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ചിത്തരആട്ട വിശേഷത്തിന് കുഞ്ഞിന്റെ ചോറൂണ് നടത്താനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സന്നിധാനം പൊലീസ് ഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. പ്രോസിക്യൂഷന്റെ എതിർപ്പ് മറികടന്നാണ് തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഇതേ കേസിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ നേരത്തെ ജയിലിൽ അടച്ചിരുന്നത്. സുരേന്ദ്രന്റെ അറസ്റ്റിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തില്ലങ്കേരി തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന തില്ലങ്കേരിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്.