'വി ടി ബല്‍റാം തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷ' : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2018 11:27 AM  |  

Last Updated: 07th January 2018 11:27 AM  |   A+A-   |  

 

കോട്ടയം : എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി ടി ബല്‍റാം തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബല്‍റാമിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. വളര്‍ന്നു വരുന്ന യുവനേതാവ് എന്ന നിലയില്‍ ബല്‍റാമിന് പറ്റിയ തെറ്റ് തിരുത്താന്‍ അവസരം കൊടുക്കണം. ബല്‍റാം തെറ്റ് തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. 

എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും അഭിപ്രായപ്പെട്ടു. ബല്‍റാം പരിധി വിട്ടെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പ്രസ്താവന കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. 

എകെജിയ്‌ക്കെതിരെ വിടിബല്‍റാം നടത്തിയ മോശം പരാമര്‍ശത്തെ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ രാവിലെ രംഗത്തെത്തിയിരുന്നു. എകെജി കേരളത്തിലെ എല്ലാവരും ആദരിക്കുന്ന നേതാവാണ്. എകെജിയെക്കുറിച്ച് ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും ബല്‍റാമിനോട് നിര്‍ദേശം നല്‍കിയതായും എം എം ഹസ്സന്‍ അറിയിച്ചു. കെ മുരളീധരനും ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള കോണ്‍ഗ്രസ്  നേതാക്കളും ബല്‍റാമിന്റെ എകെജിക്കെതിരായ മോശം പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഫേസ്ബുക്ക് കമന്റിലാണ് വി ടി ബല്‍റാം എംഎല്‍എ എകെജി ബാലപീഡകനാണെന്ന വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദമായതിന് പിന്നാലെ, ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരണവുമായി രംഗത്തെത്തി. പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടോടെ, ദ ഹിന്ദു ദിനപത്രം 2001 ഡിസംബര്‍ 20 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചായിരുന്നു ന്യായീകരണം.