ഉരുണ്ടുപോയ ട്രോളി ബാഗ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അറുപത്തഞ്ചുകാരന്‍ ട്രെയ്‌നില്‍ നിന്നു വീണുമരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത്  പൊലീസെന്ന് നാട്ടുകാര്‍ 

പാളത്തിന് അരികിലെ കുറ്റിക്കാട്ടിലാണ് മോഹനന്‍ വീണത്. അവിടെ നിന്ന് ഉരുണ്ട് വൈദ്യുതിപോസ്റ്റില്‍ തലയിടിക്കുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലുവ; ഇടപ്പള്ളി സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനായി ലഗേജുകള്‍ എടുത്തുവെക്കുന്നതിനിടെ ട്രെയ്‌നില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. ഇടപ്പള്ളി വിനായക നഗര്‍ പ്രണവം വീട്ടില്‍ വി. മോഹനനാണ്(65) മരിച്ചത്. ചെന്നൈയിലെ മകളുടെ വീട്ടില്‍ പോയി ട്രെയ്‌നില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ ലളിതയും മോഹനനൊപ്പം ട്രെയ്‌നിലുണ്ടായിരുന്നു. 

ഇന്നലെ രാവിലെ എട്ടരയ്ക്ക് പുളിഞ്ചോട് മെട്രോ സ്‌റ്റേഷന് സമീപം ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസില്‍ നിന്നാണ് മോഹനന്‍ വീണത്. ആലുവയില്‍ ഇറങ്ങാനിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ ഇടപ്പിള്ളിയില്‍ ട്രെയിന്‍ നിര്‍ത്തുമെന്ന് അറിഞ്ഞതോടെ അവിടെ ഇറങ്ങാം എന്ന് തീരുമാനിച്ചു. ട്രെയിന്‍ ആലുവയില്‍ നിന്ന് വിട്ടപ്പോള്‍ തന്നെ മോഹനന്‍ ലഗേജുകളെല്ലാം വാതിലിന് അരികില്‍ കൊണ്ടുവന്നു വെച്ചു. അതിനിടെ ഉരുണ്ടുപോയ ട്രോളിബാഗ് പിടിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കാല്‍വഴുതി വീണുപോയത്. പാളത്തിന് അരികിലെ കുറ്റിക്കാട്ടിലാണ് മോഹനന്‍ വീണത്. അവിടെ നിന്ന് ഉരുണ്ട് വൈദ്യുതിപോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും ട്രെയ്‌നില്‍ ഇരുന്ന ഭാര്യ ലളിത അറിഞ്ഞില്ല. ഇതേ ട്രെയ്‌നില്‍ ഇടപ്പിള്ളിയില്‍ ഇറങ്ങിയ ശേഷമാണ് ലളിത ആലുവയിലേക്ക് വന്നത്. 

അപകട വിവരം അറിഞ്ഞ് യാത്രക്കാര്‍ ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ മന്ത്രക്കല്‍ ഭാഗത്ത് കുറച്ചുനേരം നിര്‍ത്തിയിട്ടു. റെയില്‍ വേ പാളത്തില്‍ അര മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മോഹനനെ കണ്ടെത്തിയത്. അപ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതിരുന്നതോടെ അരമണിക്കൂര്‍ കൂടി കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതാണ് മരണത്തിന് കാരണമായതെന്നും ആരോപണമുണ്ട്.

പൊലീസ് സംഭവസ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത് പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാറണമായി. മോഹനന്‍ പരുക്കേറ്റു കിടന്ന സ്ഥലത്തു വരാതെ 200 മീറ്റര്‍ അകലെ റോഡിലാണ് നിന്നത്. ഗുരുതര നിലയില്‍ കണ്ടെത്തിയ മോഹനനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാത്തതാണ് തര്‍ക്കത്തിന് കാരണമായത്. ഇടയ്ക്ക് ഓട്ടോയില്‍ കയറ്റി മോഹനനെ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കിയെങ്കിലും പരുക്കേറ്റ ആളെ വളച്ചുകൂട്ടി ഓട്ടോയില്‍ കയറ്റാന്‍ നാട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും പൊലീസ് തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com