ആ കേസുകളിലെ പ്രതി സുരേന്ദ്രനല്ല; ജാമ്യത്തെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്; തിരുത്തി

ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്
ആ കേസുകളിലെ പ്രതി സുരേന്ദ്രനല്ല; ജാമ്യത്തെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്; തിരുത്തി

തിരുവനന്തപുരം: ശബരിമലയില്‍ അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരേ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യാപക പിഴവ്. ജാമ്യത്തെ എതിര്‍ത്തുകൊണ്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് പിഴവുകളുള്ളത്. സുരേന്ദ്രന്‍ ഏഴു കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയല്ല. റിപ്പോര്‍ട്ടില്‍ പിഴവുകള്‍ വന്ന സാഹചര്യത്തില്‍ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കി. 

ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി നിലയ്ക്കലില്‍ പെലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് പിഴവുകള്‍ വന്നത്. സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതില്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ കേസ് നമ്പരുകള്‍ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്.

കോടതിയെ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയേ ആയിരുന്നില്ല. ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റ പേരിലാണെന്ന് തെറ്റ് ധരിച്ചാണ് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയത്. മറ്റൊരു കേസ് ബിജെപിയുടെ സമരവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും സുരേന്ദ്രന്‍ അതിലും പ്രതി അല്ല. റിപ്പോര്‍ട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളില്‍ 1198-2018 എന്ന കേസ് അസ്വാഭാവിക മരണത്തിന് എടുത്തതായിരുന്നു. 705-2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ െ്രെഡവര്‍ക്കെതിരായ കേസായിരുന്നു. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ല. 

കേസ് നമ്പരും വര്‍ഷവും കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പെലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ മാത്രമേ സുരേന്ദ്രനെതിരെ ഉള്ളൂ എന്നും കോടതിയെ അറിയിച്ചു. ഇത് കൂടാതെ കണ്ണൂരിലും നെടുമ്പാശേരിയിലുമുള്ള കേസുകള്‍ കൂടി ചേരുമ്പോള്‍ അഞ്ച് കേസുകളാണ് നിലവിലുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com