മോഷണം പതിവ്, മുൻ കാമുകിയുമായുള്ള സല്ലാപം വിനയായി, നടനും സുഹൃത്തും പിടിയിൽ

വിവിധ സംസ്ഥാനങ്ങളിലായി ഒളിവിടങ്ങൾ മാറി മാസങ്ങളോളം അന്വേഷണ സംഘത്തെ ഇവർ വട്ടം കറക്കിയിരുന്നു
മോഷണം പതിവ്, മുൻ കാമുകിയുമായുള്ള സല്ലാപം വിനയായി, നടനും സുഹൃത്തും പിടിയിൽ

കൊച്ചി : ഏറെ നാളായി പൊലീസിനെ വട്ടം കറക്കിയ മോഷ്ടാക്കൾ പൊലീസ് പിടിയിലായി. കട്ടപ്പന കൊച്ചുതോവാള നെടിയചിറ തറയിൽ അഭിജിത് രാജു (24), വടക്കേക്കര നീണ്ടൂർ പതിശേരി ടി.എസ്. രോഹിത് (24) എന്നിവരാണ് അറസ്റ്റിലായത്. നെഹ്റു പാർക്കിൽ പ്രവർത്തിക്കുന്ന മിസ്റ്റർ മൊബൈൽസ് എന്ന സ്ഥാപനത്തിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളടക്കം മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.

വിവിധ സംസ്ഥാനങ്ങളിലായി ഒളിവിടങ്ങൾ മാറി മാസങ്ങളോളം അന്വേഷണ സംഘത്തെ ഇവർ വട്ടം കറക്കിയിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നു മോഷ്ടാക്കളെ സംസ്ഥാനത്തെത്തിച്ച് ആസൂത്രിത മോഷണങ്ങൾക്കു നേതൃത്വം കൊടുക്കുന്നയാളാണ് അഭിജിത്തെന്ന് പൊലീസ് പറഞ്ഞു. രോഹിത് ടെലിഫിലിമുകളിലും പരസ്യങ്ങളിലും അഭിനയിക്കുന്നയാളാണ്. മൊബൈൽകട കുത്തിത്തുറന്നു നടത്തിയ മോഷണത്തിലും പിറവത്തെ പള്ളിയിൽ നടന്ന മോഷണത്തിലും രാമമംഗലത്ത് വയോധികനെ ആക്രമിച്ചു മോഷണം നടത്തിയ കേസിലും ഇയാൾ ഒന്നാം പ്രതിയാണ്. 

കേസിൽ തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനടക്കം മൂന്നു പേർ നേരത്തേ പിടിയിലായിരുന്നു. തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന അഭിജിത്തിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒളിവിൽ കഴിയുമ്പോഴും മുൻ കാമുകിയെ വിളിച്ചു സ്നേഹം പ്രകടിപ്പിക്കാറുണ്ടായിരുന്ന അഭിജിത്തിനെ കുടുക്കിയത് ഈ ഫോൺ വിളികളാണ്. ഒരു ഫോൺ നമ്പർ അഭിജിത്ത് കുറച്ചു ദിവസങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളു. സിനിമാ മേഖലയിലടക്കം ഒട്ടേറെ സൗഹൃദങ്ങളുണ്ടായിരുന്നുവെങ്കിലും ഫോൺ നമ്പർ മാറ്റുന്ന അഭിജിത്തിന്റെ രീതി പൊലീസിനെ വട്ടംകറക്കിയിരുന്നു.

ഒടുവിൽ സുഹൃത്തുക്കളിൽ നിന്നുമാണ് അഭിജിത്തിന്റെ മുൻ കാമുകിയുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. പിന്നീട് പൊലീസ് ഇവരെ പിന്തുടർന്നു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നു ലഭിച്ച നമ്പർ പിന്തുടർന്നതോടെയാണു വൈറ്റിലയിൽ നിന്ന് ഇയാളും കൂട്ടാളിയും പിടിയിലാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com