പ്രളയത്തെ നിയന്ത്രിക്കാന്‍ പുതിയ നിലയം; ഇടുക്കി ഡാമിലെ വെള്ളം പരമാവധി ഉപയോഗപ്പെടുത്താന്‍ വൈദ്യുതി വകുപ്പ്

അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ ഭാവിയില്‍ പ്രളയമുണ്ടാകുന്നത് തടയാനാകുമെന്നുമാണ് കരുതുന്നത്
പ്രളയത്തെ നിയന്ത്രിക്കാന്‍ പുതിയ നിലയം; ഇടുക്കി ഡാമിലെ വെള്ളം പരമാവധി ഉപയോഗപ്പെടുത്താന്‍ വൈദ്യുതി വകുപ്പ്


കൊച്ചി: ഇനിയൊരു പ്രളയമുണ്ടാവുന്നത് തുടയാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങി വൈദ്യുതി വകുപ്പ്. ഇടുക്കി അണക്കെട്ടിലെ വെള്ളത്തെ പരമാവധി പ്രയോജനപ്പെടുത്താനായി ഒരു വൈദ്യുതിനിലയം കൂടി നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള പദ്ധതിനിര്‍ദേശം തയ്യാറാക്കാനായി വൈദ്യുതിബോര്‍ഡിലെ ഉത്പാദനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ ഭാവിയില്‍ പ്രളയമുണ്ടാകുന്നത് തടയാനാകുമെന്നുമാണ് കരുതുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് കേരളത്തില്‍ പുതിയ വൈദ്യുതപദ്ധതികളൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയില്‍ പുതിയൊരു നിലയംകൂടി തുടങ്ങാനുള്ള സാധ്യത തേടുന്നത്. ഈ പ്രളയകാലത്തുണ്ടായതുപോലെ അധികം വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തിയാല്‍ തുറന്നുവിടാനേ കഴിയൂ. പുതിയനിലയം വന്നാല്‍ അതിന്റെയൊരു ഭാഗംകൂടി പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കാം അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുതിയ നിലയത്തിന് പണം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഏകദേശം 800 മുതല്‍ 1000 കോടി രൂപ വരെയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു ഭാഗം സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാല്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിലയം പ്രാവര്‍ത്തികമാകുകയൊള്ളൂ. 

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ച വെള്ളം തിരിച്ച് അണക്കെട്ടിലേക്കുതന്നെ പമ്പുചെയ്ത് എത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നു.ഈ സംവിധാനം സ്ഥാപിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ലെങ്കില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ തയ്യാറാണെന്ന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ കഴിഞ്ഞയോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഈ സംവിധാനം വന്നാല്‍ ഇടുക്കിയില്‍നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കുന്നത് കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനാവും.

ഇപ്പോള്‍ മൂലമറ്റത്തുള്ള പവര്‍ഹൗസിന്റെ ശേഷി 720 മെഗാവാട്ടാണ്. ദിവസം ഒന്നരക്കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. 180 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഇവിടെയുള്ളത്. പുതിയ നിലയത്തില്‍ കുറഞ്ഞത് നാലു ജനറേറ്ററുകളെങ്കിലും വേണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ ദിവസം 70 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com