കോഴയില്‍ കുഴങ്ങി 'രാഘവേട്ടന്‍'; കോഴിക്കോട്ടുകാര്‍ എന്തുചെയ്യും?

കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള ജില്ലയാണ് കോഴിക്കോട്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജില്ല മുഴുവന്‍ പടര്‍ന്നുകിടക്കുന്ന മണ്ഡലത്തിന്റെ നിറം മാറും. 
കോഴയില്‍ കുഴങ്ങി 'രാഘവേട്ടന്‍'; കോഴിക്കോട്ടുകാര്‍ എന്തുചെയ്യും?


ണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള ജില്ലയാണ് കോഴിക്കോട്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജില്ല മുഴുവന്‍ പടര്‍ന്നുകിടക്കുന്ന മണ്ഡലത്തിന്റെ നിറം മാറും. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരൊറ്റ തവണ മാത്രമാണ് ചെങ്കൊടി പാറിയത്. 1980ല്‍ ഇകെ ഇമ്പിച്ചി ബാവിയിലൂടെ. 19996ലും 2004ലും വീരേന്ദ്രകുമാറിലൂടെ ഇടതുപക്ഷം വിജയിച്ചു. ബാക്കിയെന്നും കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായി നിന്നു കോഴിക്കോട്. മൂന്നാമങ്കത്തിന് എംകെ രാഘവന്‍ വീണ്ടുമിറങ്ങുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍. 

2009ലും 2014ഉം വിജയിച്ചത് എംകെ രാഘവന്‍. 2014ല്‍ സിപിഎമ്മിന്റെ എ വിജയരാഘവനെ തോല്‍പ്പിച്ചത് 16,883വോട്ടിന്. രാഘവന്‍ 397,615വോട്ട് നേടിയപ്പോള്‍, വിജയരാഘവന്‍ നേടിയത് 380,632വോട്ട്. ബിജെപിയുടെ സികെ പദ്മനാഭന്‍ നേടിയത് 1,15,760വോട്ട്. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം,എലത്തൂര്‍ എന്നിവയാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭ മണ്ഡലങ്ങള്‍. ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കൊടുവള്ളി മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ എലത്തൂരും ബേപ്പൂരും കുന്ദമംഗലവും എല്‍ഡിഎഫിനൊപ്പം നിന്നു. രാഘവന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ബാലുശ്ശേരിയില്‍ നിന്ന് (69414വോട്ട്). 


2016 നിയമസഭ തെരഞ്ഞെടുപ്പ്

എന്നാല്‍ രണ്ടുവര്‍ഷത്തിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ചുവപ്പുടുപ്പ് വീണ്ടുമണിഞ്ഞു. ബാലുശ്ശേരി  എല്‍ഡിഎഫിലെ പുരുഷന്‍ കടലുണ്ടി മുസ്്‌ലിം ലീഗിലെ യുസി രാമനെ തോല്‍പ്പിച്ചത് 15464 വോട്ടുകള്‍ക്ക്. തൊട്ടടുത്തുള്ള എലത്തൂരില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ജെഡിയുവിലെ കിഷന്‍ ചന്ദിനെ തറപറ്റിച്ചത് 29057 വോട്ടുകള്‍ക്ക്. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ശശീന്ദ്രന്‍ കഴിഞ്ഞ തവണ നേടിയത്. 

കോഴിക്കോട് സൗത്ത് മാത്രമാണ് യുഡിഎഫിന്റെ കൈവശമുള്ളത്. എംകെ മുനീറിന്റെ മണ്ഡലത്തിലെ വിജയം കേവലം 6327 വോട്ടുകള്‍ക്കാണ്. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സിപിഎമ്മിന്റെ എ. പ്രദീപ് കുമാര്‍  മൂന്നാം തവണ നിയമസഭയില്‍ സീറ്റുറപ്പിച്ചത് 27873വോട്ടുകളുടെ ബലത്തിലാണ്. ബേപ്പൂരില്‍ വ്യവസായ പ്രമുഖന്‍ കൂടിയായ വികെസി മമ്മദ് കോയ നേടിയത് 14363 വോട്ടുകളുടെ മിന്നുന്ന ജയം. 

കുന്ദമംഗലത്ത് പഴയ മുസ്്‌ലിം ലീഗ് വിമതനും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവുമായ പിടിഎ റഹീമിന്റെ ജയമാവട്ടെ 11205 വോട്ടുകള്‍ക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറവ് ഭൂരിപക്ഷമുള്ളത് ഇടതു സ്വതന്ത്രനായി കൊടുവള്ളിയില്‍ മല്‍സരിച്ച  മുസ്‌ലിം ലീഗ് നേതാവിയിരുന്ന കാരാട്ട് റസാഖിനാണ്. 573 വോട്ടുകള്‍. 

സംസ്ഥാനത്തെ തന്നം ഏറ്റവും മികച്ച എംഎല്‍എമാരില്‍ ഒരാള്‍ എന്ന കരിയര്‍ ഗ്രാഫോടെയാണ് എ പ്രദീപ് കുമാറിന്റെ വരവ്. നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുഖച്ഛായ മാറ്റിയെഴുതിയത് ഉള്‍പ്പെട നിരവധി വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് കോഴിക്കോട് നോര്‍ത്ത് എംഎല്‍എയുടെ വോട്ട് പിടിത്തം. ഏറെ ജനപ്രിയനാണ് കോഴിക്കോടുകാര്‍ 'രാഘവേട്ടന്‍' എന്ന് അഭിസംബോധന ചെയ്യുന്ന എംകെ രാഘവനും. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞുതന്നെയാണ് രാഘവന്റെയും വോട്ട് തേടല്‍. അവസാന നിമിഷം വന്നുവീണ കോഴ വിവാദം യുഡിഎഫ് ക്യാമ്പിനെ പരിഭ്രമത്തിലാക്കിയിട്ടുമുണ്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ശബരിമല അക്രമ സംഭവങ്ങളില്‍ പ്രതിയായ പ്രകാശ് ബാബു ഇപ്പോള്‍ ജയിലിലാണ്. 

ആകെ വോട്ടര്‍മാര്‍: 1264844
പുരുഷന്‍മാര്‍: 613276
സ്ത്രീകള്‍: 651560
ട്രാന്‍സ്ജന്‍ഡേഴ്‌സ്: 8

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com