പട്ടാപ്പകല്‍ സ്ത്രീകള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; സ്ഥിരം കക്ഷിയെന്ന് പറഞ്ഞ് വെറുതെവിടാന്‍ ഒരുങ്ങി പൊലീസ്; കേസെടുപ്പിക്കാന്‍ കാത്തുനിന്നത് മണിക്കൂറുകള്‍

വനിത ശിശു വികസനവകുപ്പ് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫിസര്‍ ഇന്ദുവിനാണ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം വാദിക്കേണ്ടിവന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; പട്ടാപ്പകല്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആള്‍ക്കെതിരേ കേസെടുക്കാന്‍ മടിച്ച് പൊലീസ്. പരാതിക്കാരി രണ്ട് മണിക്കൂറിലധികം പൊലീസ് സ്റ്റേഷനില്‍ കാത്തുനിന്നതിന് ശേഷമാണ് പൊലീസ് കേസെടുത്തത്. വനിത ശിശു വികസനവകുപ്പ് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫിസര്‍ ഇന്ദുവിനാണ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം വാദിക്കേണ്ടിവന്നത്. വെങ്ങാനൂര്‍ സ്വദേശിയായ സണ്ണി (56) ക്കെതിരെയാണ് കേസെടുത്തി. 

തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചിരിക്കെയാണ് എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഇന്ദുവിന് മോശം അനുഭവമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെയുള്ള സംഘത്തിന് നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും വിഡിയോ എടുക്കുകയും ചെയ്തു. ഇതിനെ ഇന്ദു ചോദ്യം ചെയ്യുകയും ഗാര്‍ഡിനെ വിളിച്ചുവരുത്തുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരമായി മ്യൂസിയത്തില്‍ വരാറുണ്ടെന്നും മുന്‍പും പരാതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് കേസെടുക്കാന്‍ ആദ്യം പൊലീസ് തയാറായില്ല. 

വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് ഐഡി കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തയാറായതെന്നാണ് ഇന്ദു പറയുന്നത്. ഇത്തരം കേസുകള്‍ ധാരാളം വരാറുണ്ടെന്നും പ്രതി മനോദൗര്‍ബല്യമുള്ള ആളാണെന്നും ആവര്‍ത്തിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. കേസെടുക്കണം എന്ന് ആവര്‍ത്തിച്ച് ഇന്ദു പൊലീസ് സ്റ്റേഷനില്‍ തന്നെ നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്. സ്ത്രീ മുന്നേറ്റത്തിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ച അതേദിവസമാണ് പട്ടാപ്പകല്‍ പൊലീസിനു മുന്നില്‍ ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com