'കോണി ചിഹ്നത്തില്‍ കല്ലു വച്ചാലും ജയിക്കുന്ന' പൊന്നാനി; കോട്ട തകര്‍ക്കുമോ അന്‍വര്‍?

കോണി ചിഹ്നത്തില്‍ കല്ലു വച്ചാലും ജയിക്കുമെന്ന് ചൊല്ലുള്ള പൊന്നാനി. ലീഗിന്റെ പച്ചക്കോട്ട തകര്‍ക്കാന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെയാണ് ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്. 
'കോണി ചിഹ്നത്തില്‍ കല്ലു വച്ചാലും ജയിക്കുന്ന' പൊന്നാനി; കോട്ട തകര്‍ക്കുമോ അന്‍വര്‍?

കോണി ചിഹ്നത്തില്‍ കല്ലു വച്ചാലും ജയിക്കുമെന്ന് ചൊല്ലുള്ള പൊന്നാനി. ലീഗിന്റെ പച്ചക്കോട്ട തകര്‍ക്കാന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെയാണ് ഇടതുമുന്നണി നിയോഗിച്ചിരിക്കുന്നത്.  മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ. വിടി രമയാണ് എന്‍ഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. വോട്ടുവിഹിതത്തിലുള്ള വര്‍ദ്ധന അട്ടിമറിക്ക് വഴിയൊരുക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. 

ഏകപക്ഷീയ മത്സരങ്ങളാണ് പൊന്നാനിയുടെ പ്രത്യേകത. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം 1977ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പു മുതല്‍ വന്‍ ഭൂരിപക്ഷത്തിന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രം ജയിച്ച മണ്ഡലം. 1977മുതല്‍ 1999 വരെ ജിഎം ബനാത് വാലയായിരുന്നു മണ്ഡല പ്രതിനിധി. 1991ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും പാര്‍ലമെന്റില്‍ പൊന്നാനിയുടെ ശബ്ദമായി. 2004ല്‍ ഇ അഹമ്മദും 2009, 2014 തെരഞ്ഞെടുപ്പുകളില്‍ സിറ്റിങ് എംപിയായ ഇടി മുഹമ്മദ് ബഷീറും ജയിച്ചു കയറി. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ലീഗിന്റെ ഭൂരിപക്ഷം 50,000ല്‍ താഴെ പോയത്. 2014ലെ തെരഞ്ഞെടുപ്പില്‍ ഇടി മുഹമ്മദ് ബഷീറിന് എതിരെ മത്സരിച്ച ഇടതു സ്വതന്ത്രന്‍ വി അബ്ദുറഹ്മാനാണ് നേരിയ വെല്ലുവിളി ഉയര്‍ത്തിയത്. ഭൂരിപക്ഷം 25,410 വോട്ടാക്കി കുറയ്ക്കാന്‍ കെപിസിസി അംഗമായിരുന്ന അബ്ദുറഹ്മാന് കഴിഞ്ഞു. 

2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ബഷീറിന്റെ  ഭൂരിപക്ഷം 82,684 വോട്ടായിരുന്നു. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുള്ള ജനകീയ സ്വതന്ത്രന്‍, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരുടെ സാന്നിധ്യവും യുഡിഎഫിലെ വിള്ളലുമാണ് ലീഗ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. എസ്ഡിപിഐ 26,640, ജനകീയ സ്വതന്ത്രന്‍ 11,034, ആം ആദ്മി പാര്‍ട്ടി 9504 എന്നിങ്ങനെയാണ് വോട്ടുനില. 

ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 1952ല്‍ കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടിയുടെ കേളപ്പനായിരുന്നു വിജയി. 1962ല്‍ സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഇകെ ഇമ്പിച്ചി ബാവയും 1967ല്‍ സിപിഎം സ്ഥാനാര്‍ത്ഥി ചക്രപാണിയും ജയിച്ചു. 1971ല്‍ എംകെ കൃഷ്ണനിലൂടെ സിപിഎം മണ്ഡലം നിലനിര്‍ത്തി. 1971 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ പൊന്നാനി മണ്ഡലം ഒഴിച്ച് പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളാണ് പൊന്നാനിയുടെ ഭാഗമായിരുന്നത്. 1977 മുതലാണ് മലപ്പുറം ജില്ലയിലെ ആറു മണ്ഡലങ്ങള്‍ പൊന്നാനിയില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീട് അതു മുസ്‌ലിം ലീഗിന്റെ കോട്ടയായി മാറി. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

ലീഗിനു ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പൊന്നാനി. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തൃത്താല എന്നിവയാണ് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ഹല്‍. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭ മണ്ഡലങ്ങളില്‍ മൂന്നിടത്ത് മുന്നിലെത്താന്‍ ഇടതുപക്ഷത്തിനായി. തൃത്താല, പൊന്നാനി, തവനൂര്‍ എന്നിവിടങ്ങളില്‍  യുഡിഎഫിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ഇടതു സ്വതന്ത്രന്‍ നേടി. 2016ല്‍ താനൂര്‍ നിയമസഭ മണ്ഡലം ലീഗ് കൈവിടുകയും ചെയ്തു. പരീക്ഷണമെന്ന നിലയിലാണ് ഇടതുമുന്നണിയുടെ പുതിയ നീക്കം. പത്തുവര്‍ഷം മുന്‍പാണ് വയനാട് നല്‍കി സിപിഐയില്‍നിന്ന് സിപിഎം മണ്ഡലം ഏറ്റെടുക്കുന്നത്. മദ്‌നിയുടെ പിന്തുണയോടെ ഡോ. ഹുസൈന്‍ രണ്ടത്താണിയെ ഇടതു സ്വതന്ത്രനായി നിര്‍ത്തി. പിഡിപിയുമായുള്ള കൂട്ടുകെട്ട് പക്ഷേ തിരിച്ചടിച്ചു. ഹുസൈന്‍ രണ്ടത്താണി തോറ്റു. 

2016 നിയമസഭ തെരഞ്ഞെടുപ്പ് 

തിരൂരങ്ങാടി, കോട്ടക്കല്‍, തിരൂര്‍ നിയമസഭ മണ്ഡലങ്ങളാണ് ലീഗിനൊപ്പമുള്ളത്. വിടി ബല്‍റാമിന്റെ തൃത്താല കൂടി ചേര്‍ത്താല്‍ എണ്ണം നാലാകും. തവനൂര്‍, പൊന്നാനി, താനൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഇടതിനൊപ്പമാണ്. 

പൊന്നാനി ലോക്‌സഭ (2014)
ഇടി മുഹമ്മദ് ബഷീര്‍ (യുഡിഎഫ്) 3,78,503
വി അബ്ദുറഹ്മാന്‍ (ഇടത് സ്വതന്ത്രന്‍ എല്‍ഡിഎഫ്) 3,53,093
കെ നാരായണന്‍ (എന്‍ഡിഎ) 75,212
ഭൂരിപക്ഷം 25, 410

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com