ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ട;  സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി

അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ട;  സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി : കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. വിചാരണഘട്ടത്തില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ നിയമനടപടികളാവാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

ശുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പ്രാദേശിക വൈരമാണ് കൊലപാതക കാരണം എന്നാണ് സര്‍ക്കാരിന്റെ വാദം. കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണം എന്ന കോടതി ഉത്തരവ് നിലനില്‍ക്കില്ല. ഏതെങ്കിലും നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗുഡാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

അപ്പീലില്‍ സര്‍ക്കാരിനായി ഹാജരാകുന്നതിന് 50 ലക്ഷത്തില്‍ അധികം രൂപ ചെലവഴിച്ചു ഡല്‍ഹിയില്‍നിന്നു സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേകനിര്‍ദേശപ്രകാരമാണ് ഈ അഭിഭാഷകന്റെ ഭീമമായ ഫീസ് വേഗം നല്‍കുന്നതിന് നടപടി സ്വീകരിച്ചത്. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com