റണ്‍വേ സാധാരണ നിലയിലേക്ക്; നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് സിയാൽ അധികൃ‍തർ
റണ്‍വേ സാധാരണ നിലയിലേക്ക്; നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും 

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് സിയാൽ അധികൃ‍തർ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന വിമാനത്താവളത്തില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞു തുടങ്ങിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

'റണ്‍വേയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച തന്നെ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കും', അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയില്‍ പൊളിഞ്ഞുവീണ വിമാനത്താവളത്തിലെ ഒരു ഭാഗത്തെ ചുറ്റുമതിലിന് താത്ക്കാലികമായ പരിഹാരം കാണുമെന്നും അധിക‌ൃതർ പറഞ്ഞു.  

കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങി പോയ എട്ട് വിമാനങ്ങളില്‍ ആറെണ്ണം ഇതിനോടകം നെടുമ്പാശേരിയില്‍ നിന്ന് പോയിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണം ഇന്ന് പോകും. റണ്‍വേ സാധാരണ നിലയിലേക്ക് എത്തുകയാണ്. റണ്‍വേയില്‍ നിന്ന് മഴവെള്ളം പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോള്‍ 15 ദിവസത്തോളം നെടുമ്പാശേരി വിമാനം അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു. റണ്‍വേയില്‍ അടക്കം വലിയ രീതിയില്‍ വെള്ളം പൊങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പ്രതിസന്ധി അത്ര രൂക്ഷമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com