പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം, വിതരണം പട്ടിക പ്രസിദ്ധീകരിച്ചശേഷം; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം 

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപയാണ് സഹായധനമായി നല്‍കുക. പൂര്‍ണമായി വീടു തകര്‍ന്നവര്‍ക്കും നാലുലക്ഷം രൂപ നല്‍കും
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം, വിതരണം പട്ടിക പ്രസിദ്ധീകരിച്ചശേഷം; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം 

തിരുവനന്തപുരം : പ്രളയക്കെടുതി നേരിടുന്ന ദുരിതബാധിതര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. സഹായം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്നാകും പട്ടിക തയ്യാറാക്കുക. 

കഴിഞ്ഞ പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കിയതിനെച്ചൊല്ലി വന്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഹായം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചശേഷം മാത്രം സഹായം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. പ്രളയത്തെ തുടര്‍ന്ന് ക്യാമ്പിലുള്ളവരും, പ്രളയബാധിതരായവരുമായ ആളുകളെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ശേഖരിച്ചശേഷമാകും പട്ടിക തയ്യാറാക്കുക.തുടര്‍ന്ന് പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഇക്കാര്യം കൂടി പരിഗണിച്ചശേഷമാകും സഹായധനം വിതരണം ചെയ്യേണ്ടതെന്നാണ് മന്ത്രിസഭ തീരുമാനിച്ചത്. 

മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപയാണ് സഹായധനമായി നല്‍കുക. പൂര്‍ണമായി വീടു തകര്‍ന്നവര്‍ക്കും നാലുലക്ഷം രൂപ നല്‍കും. വെള്ളപ്പൊക്ക ബാധിതര്‍ക്കും, കടലില്‍ പോകാനാകാതെ ദുരിതം അനുഭവിക്കുന്ന തീരദേശത്തെ മല്‍സ്യതൊഴിലാളികള്‍ക്കും 15 കിലോ അരി സൗജന്യ റേഷന്‍ നല്‍കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com