തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചാല്‍ ജയം ഉറപ്പ്‌, സ്ഥാനാര്‍ഥിയാക്കണം എന്ന് ബിജെപി ജില്ലാ നേതൃത്വം

കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ എന്നിങ്ങനെയുള്ള പേരുകളും പരിഗണനയിലുണ്ടായിരുന്നു
തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചാല്‍ ജയം ഉറപ്പ്‌, സ്ഥാനാര്‍ഥിയാക്കണം എന്ന് ബിജെപി ജില്ലാ നേതൃത്വം

തിരുവനന്തപുരം: ലോക സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം ഉറപ്പാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കണം എന്ന ആവശ്യം ബിജെപി ജില്ലാ നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ മുന്നോട്ടു വെച്ചു. 

സംസ്ഥാനത്തെ ബിജെപിയുടെ ലോകസഭാ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി.രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ എന്നിങ്ങനെയുള്ള പേരുകളും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണം എന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്. 

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലേയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാമത് എത്തിയതും, ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപിക്കുള്ള അനുകൂല സാധ്യതയുമെല്ലാം കുമ്മനം വന്നാല്‍ തിരുവനന്തപുരം പിടിക്കാന്‍ സഹായിക്കും എന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കുമ്മനത്തിന്റെ മടക്കത്തില്‍ നിലപാടെടുക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com