'സമ്പത്ത് കാലുമാറിയാല്‍ 200 കോടി'; 'പിണറായിയുടെ തലക്ക് 2 കോടി'; കോണ്‍ഗ്രസില്‍ ആര്‍ക്കുണ്ട് തലയ്ക്ക് ഇത്രയും വില: കോടിയേരി

ഇന്നലത്തെ കോണ്‍ഗ്രസ് ഇന്നത്തെ ബിജെപിയാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ്
'സമ്പത്ത് കാലുമാറിയാല്‍ 200 കോടി'; 'പിണറായിയുടെ തലക്ക് 2 കോടി'; കോണ്‍ഗ്രസില്‍ ആര്‍ക്കുണ്ട് തലയ്ക്ക് ഇത്രയും വില: കോടിയേരി


വര്‍ക്കല: കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈന്യത്തിന് പോലും സുരക്ഷിതമില്ലാത്ത അവസ്ഥ വന്നാല്‍ നമ്മുടെ നാടിനെ ആര് രക്ഷിക്കുമെന്ന് കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് 890 സൈനികരാണ് കൊലചെയ്യപ്പെട്ടത്. ഭീകരവാദികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാര്‍ട്ടി തയ്യാറാവാത്തത് കൊണ്ടാണ് സൈന്യത്തിനും സര്‍ക്കാരിനും പൂര്‍ണപിന്തുണ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ പ്രഖ്യാപിച്ചത്. 

ജമ്മുവിലെ പ്രശ്‌നത്തിന് രാഷ്ട്രീയമായ പരിഹാരം കാണണം. അതിന് തടസ്സം ആര്‍എസ്എസാണ്. പ്രവര്‍ത്തകരെ ഉപയോഗിച്ച് ജമ്മുവില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പുല്‍വാമയിലെ ഭീകരാക്രമണം സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ദുരന്തമായിരിക്കും ഫലം. ഈ ആക്രമണം ഏതെങ്കിലും മതത്തിനോ, പ്രദേശത്തിനോ എതിരായല്ല. രാജ്യത്തിന് എതിരാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു. 

ജനങ്ങള്‍ക്ക് ഇന്ന് വിശ്വസിക്കാനാവുന്ന ഏകപ്രസ്ഥാനം ഇടതുപക്ഷമാണ്. ഇന്നലത്തെ കോണ്‍ഗ്രസ് ഇന്നത്തെ ബിജെപിയാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്ക് മന്ത്രിസഭ രൂപികരിക്കാനയത്. 25 കോടിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് നിശ്ചയിച്ച വില. ഇതുകണ്ട് കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടകയിലേക്ക് മാറാനുവുമോ എന്ന ശ്രമത്തിലാണെന്നും കോടിയേരി പരിഹസിച്ചു. ഇതുവരെ രാജ്യത്ത് ഒരു ഇടതു എംഎല്‍എയെയോ എംപിയോ വിലയ്ക്ക് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. സമ്പത്ത് കാലുമാറിയാല്‍ 200 കോടി കിട്ടുമായിരുന്നു; ആയിരം കോടി കൊടുത്താലും സമ്പത്ത്  മാറില്ല. അതാണ് ഇടതുപക്ഷമെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസിനെതിരെ പോരാടിയാണ് ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം. ആര്‍എസ്എസുകാര്‍ പിണറായിയുടെ തലക്ക് രണ്ട് കോടിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഏതെങ്കിലും നേതാക്കള്‍ക്ക് ഇത്തരത്തില്‍ വിലയിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു

പ്രിയങ്കയുടെ മൂക്ക് ഇന്ദിരയുടെ മൂക്ക് പോലെയാണെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. മൂക്ക് കണ്ടിട്ട് ആള് കൂടുന്നുവെന്നാണ് കോണ്‍ഗ്രസ് പത്രം തന്നെ എഴുതിയത്. മൂക്കിന് നീളം കൂടിയത്് വര്‍ണിച്ച് വര്‍ണിച്ച് വൈ്ക്കം മൂഹമ്മദ് ബഷീറിന്റെ ഒരു നോവലുണ്ട്. മൂക്കാണ് നോവലിലെ പ്രധാന പ്രമേയം. മൂക്കിന്റെ നീളം കൊണ്ട് പലരും മൂക്ക് തൊടാന്‍ നോക്കി. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ പിന്നെ മൂക്ക് തൊടുന്നവരില്‍ നിന്ന് പണം വാങ്ങാന്‍ തുടങ്ങി. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മൂക്കിന്റെ നീളം കണ്ടല്ല വോട്ട് പിടിക്കേണ്ടത്. രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കണമെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com