വനിതാ മതിലിനിടെ സംഘർഷം: 200 പേർക്കെതിരെ കേസെടുത്തു, കാസർ​ഗോഡ് കനത്ത സുരക്ഷ 

വനിതാ മതിലിനിടെ സംഘർഷം: 200 പേർക്കെതിരെ കേസെടുത്തു, കാസർ​ഗോഡ് കനത്ത സുരക്ഷ 

ചേറ്റുകുണ്ടിൽ ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെത‌ിരെയാണ് കേസെടുത്തിരിക്കുന്നത്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇന്നലെ വനിതാ മതിലിനിടെയുണ്ടായ സംഘർഷത്തില്‍ 200 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചേറ്റുകുണ്ടിൽ ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെത‌ിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനങ്ങൾ തടഞ്ഞതിനും സിപിഎം പ്രവർത്തകരെ തടഞ്ഞതിനും അടക്കമാണ് കേസെടുത്തത്. സംഘര്‍ഷ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ പലയിടങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

കേസെടുത്തവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും കൂടുതൽ ആളുകൾക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുമെന്നറിയിച്ചിട്ടുണ്ട്. 

സംഘർഷത്തെതുടർന്ന് നാല് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയും മംഗളൂരുവിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ കാസര്‍കോട് മായിപ്പാടിയിലും കല്ലേറുണ്ടായിരുന്നു. ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയായാണ് ഇവിടങ്ങളില്‍ ആക്രണം നടന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. മുളകുപൊടി തീയയിട്ട് പുകച്ചായിരുന്നു ആക്രണം. അക്രമികളെ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തും ലാത്തിവീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് തുരത്തിയത്. ഇതോടെയാണ് അക്രമികള്‍ പൊലീസിനു നേരെ തിരിഞ്ഞത്. ഒട്ടേറെ പൊലീസുകാര്‍ക്ക് സാരമായ പരുക്കേറ്റെന്നാണു വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com