356-ാം വകുപ്പ്  കൈയിലുണ്ട്; മോദിയെ വിരട്ടാന്‍ പിണറായി ആയിട്ടില്ലെന്ന് എം ടി രമേശ് 

രാഷ്ട്രപതി ഭരണം ഓര്‍മ്മിപ്പിച്ച് സംസ്ഥാന സര്‍ക്കാരിനെതിര ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്
356-ാം വകുപ്പ്  കൈയിലുണ്ട്; മോദിയെ വിരട്ടാന്‍ പിണറായി ആയിട്ടില്ലെന്ന് എം ടി രമേശ് 

തിരുവനന്തപുരം: രാഷ്ട്രപതി ഭരണം ഓര്‍മ്മിപ്പിച്ച് സംസ്ഥാന സര്‍ക്കാരിനെതിര ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. 
356-ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയില്‍ ഭദ്രമാണ് എന്ന കാര്യം പിണറായി വിജയന്‍ മനസിലാക്കിയാല്‍ നന്നെന്ന് എം ടി രമേശ് മുന്നറിയിപ്പ് നല്‍കി. ഈ വകുപ്പ് പ്രയോഗിക്കാന്‍ വലിയ പ്രയാസം ഒന്നുമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുളള പൊലീസ് തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് എം ടി രമേശ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ല. പിണറായി വിജയനെ വിരട്ടാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ധാരാളം മതി. മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിണറായി മുഖ്യമന്ത്രിയായി ഉണ്ടാവില്ലെന്ന് മനസിലാക്കിയാല്‍ നന്നെന്നും രമേശ് ഓര്‍മ്മിപ്പിച്ചു. 
സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്.
ഈ ഗവണ്‍മെന്റ് ഇങ്ങനെയാണെങ്കില്‍ അധികകാലം മുന്നോട്ടുപോകില്ല. എല്ലാ കാലത്തും ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ടെന്നും രമേശ് പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് തങ്ങളെ പീഡിപ്പിച്ചവര്‍ ജയിലറകള്‍ക്കുളളിലാണ് പോയത്. ഇന്ന് 55 വയസ് കഴിഞ്ഞ് വിരമിക്കുമ്പോള്‍ നിങ്ങള്‍ സാധാരണക്കാരായാണ് പുറത്തുവരുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് പൊലീസുകാരെ ഉദ്ദേശിച്ച് രമേശ് പറഞ്ഞു. സാധാരണക്കാരാകുമ്പോള്‍ ജനം നിങ്ങളെ സാധാരണക്കാരെപോലെ കൈകാര്യം ചെയ്യും. അതിനാല്‍ മാറിയ സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാന്‍ ഇവര്‍ തിരക്കുകൂട്ടുകയാണെന്നും രമേശ് പറഞ്ഞു. സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസില്‍ നിന്നും അധികം ആനുകൂല്യം ഒന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചുരുങ്ങിയത് തങ്ങള്‍ പറയുന്നത് കേള്‍ക്കാനെങ്കിലും പൊലീസ് തയ്യാറാകണമെന്ന് രമേശ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com