'ഞങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു, അടുത്തു തുടങ്ങിയപ്പോള്‍ അപകടം, ദുരൂഹത'; ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ കണ്ണിയായിരുന്ന വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്
'ഞങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു, അടുത്തു തുടങ്ങിയപ്പോള്‍ അപകടം, ദുരൂഹത'; ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം

തിരുവനന്തപുരം; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഏറുകയാണ്. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ കണ്ണിയായിരുന്ന വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളിലെ മുഖ്യകണ്ണിയാണ് വിഷ്ണു എന്ന സംശയത്തിലാണ് ഡിആര്‍ഐ. അതിനിടെ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉന്നയിച്ച സംശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണവും നടക്കുകയാണ്. 

മകന്‍ തങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നുവെന്നും അടുത്ത് ഇടപഴകി തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത് എന്നാണ് പിതാവ് സി.കെ. ഉണ്ണി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഉന്നയിച്ച ഒരു സംശയം. കൂടാതെ കാര്‍ ഓടിച്ചത് താനാണെന്ന് ആദ്യം സമ്മതിച്ച അര്‍ജുന്‍ മൊഴി മാറ്റിയത് ആര് ഇടപെട്ടതിനെ തുടര്‍ന്നാണെന്നും അദ്ദേഹം ചോദിക്കുന്നു. വഴിപാട് കഴിഞ്ഞ് തൃശൂരില്‍ താമസിക്കാന്‍ മുറി ബുക്ക് ചെയ്ത ബാലഭാസ്‌കര്‍ ആരെങ്കിലും നിര്‍ദേശിച്ചിട്ടാണോ രാത്രി തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ക്രൈം ബ്രാഞ്ചിനോട് ആരാഞ്ഞു. അച്ഛന്റെ സംശയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ വിഷ്ണുവിന് മുഖ്യപങ്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനങ്ങളിലേക്കാണ് ഡിആര്‍ഐയും െ്രെകംബ്രാഞ്ചും എത്തുന്നത്. വിഷ്ണുവിന് ബിസിനസ്സ് തുടങ്ങാന്‍ ബാലഭാസ്‌കര്‍ പണം നല്‍കിയിരുന്നു. പക്ഷെ ഈ സംരഭം അധികനാള്‍ നീണ്ടു നിന്നില്ല. 

ബാലഭാസ്‌ക്കറിന്റെ മരണ ശേഷമാണ് ദുബായില്‍ വിഷ്ണു ബിനസസ്സ് തുടങ്ങിയെന്നാണ് കണ്ടെത്തല്‍. ഇതിനുള്ള പണം എവിടെ നിന്ന് വന്നുവെന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. വിഷ്ണുവിന്റെ ജീവനക്കാരനാണ് ദുബായിലെ സ്വര്‍!ണ കടത്തിലെ ഇടനിലക്കാരനായ ജിത്തുവെന്ന ആകാശ് ഷാജിയെന്ന് ഡിആ!ര്‍ഐ കണ്ടത്തി. 

ആകാശ് ഷാജിയുടെ മണ്ണന്തലയിലുള്ള വീട്ടില്‍ ഡിആര്‍ഐ പരിശോധന നടത്തി. സ്വര്‍ണ കടത്തിനും ഹവാലക്കുമായി ഒരു മറയായിരിക്കാം ദുബായിലെ ബിസിനസ്സെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. മാത്രമല്ല, സ്വര്‍ണ കടത്തുകാരുമായി ആദ്യ ഘട്ടത്തില്‍ കരാര്‍ ഉറപ്പിക്കണമെങ്കിലും വന്‍ തുക വേണം. ഈ പണത്തിന്റെ ഉറവിടം എവിടെ നിന്നെന്ന സംശയമാണ് അന്വേഷണ ഏജന്‍സികളെ ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടികളിലേക്ക് നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com