മദ്യം കഴിച്ച് ആദിവാസി മരിച്ച സംഭവം: വിഷമദ്യം സ്ഥിരീകരിക്കാനായില്ല, അന്വേഷണം തുടങ്ങി

കൊളമ്പന്റെ ഒപ്പം മദ്യം കഴിച്ച നാരായണന്‍, ഗോപാലന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യം കഴിച്ച് ആദിവാസി മരിച്ച സംഭവം: വിഷമദ്യം സ്ഥിരീകരിക്കാനായില്ല, അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് നൂറാംതോടിന് സമീപം മദ്യം കഴിച്ച ആദിവാസി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരണകാരണം മദ്യം കഴിച്ചതാണെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് താമരശേരി ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. രാത്രിയില്‍ നടത്തിയ പരിശോധനയില്‍ കോളനിയില്‍ നിന്നും മദ്യം കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. 

നൂറാംതോടിന് സമീപം പാലക്കല്‍ കൊയപ്പതൊടി എസ്‌റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പന്‍ (60 വയസ്) ആണ് ഇന്നലെ രാത്രി മരിച്ചത്. അതേസമയം, മരിച്ച കൊളമ്പനൊപ്പമുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരും മദ്യപിച്ചിരുന്നതായാണ് വിവരം. 

കൊളമ്പന്റെ ഒപ്പം മദ്യം കഴിച്ച നാരായണന്‍, ഗോപാലന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളമ്പന്റെ മൃതദേഹവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ചെമ്പിനി ആദിവാസി കോളനി നിവാസികളാണിവര്‍. 

നാരായണനും, ഗോപാലനും, മരിച്ച കൊളമ്പനും ചേര്‍ന്ന് എസ്‌റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് വിവരം. മദ്യപിച്ച ശേഷം ഇവര്‍ മൂന്ന് വഴിക്ക് പിരിഞ്ഞു. പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇവര്‍ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, ഇത് പൊലീസോ എക്‌സൈസോ ഇതുവരെ സഥിരീകരിച്ചിട്ടില്ല. 

ഇത് വിഷമദ്യ ദുരന്തമല്ല എന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു. മെഥനോള്‍ അടങ്ങിയ വിഷമദ്യമാണെങ്കില്‍ രക്തം ഛര്‍ദ്ദിക്കുകയില്ലെന്നും കാഴ്ച്ച മങ്ങി കുഴഞ്ഞ് വീഴുകയാണ് ചെയ്യുക എന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com