എന്നെ പരിഗണിച്ചില്ലല്ലോ എന്ന നേതാവിന്റെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി; 'വാര്‍ത്ത ചോര്‍ത്തി തരുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടല്ലോ'

അത്തരത്തിലുള്ള ആളുകളെ കുഴപ്പത്തില്‍ ചെന്ന് ചാടിക്കാന്‍ നിങ്ങളുടെ പരിപാടി സഹായിക്കുമെന്ന് കോടിയേരി
എന്നെ പരിഗണിച്ചില്ലല്ലോ എന്ന നേതാവിന്റെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി; 'വാര്‍ത്ത ചോര്‍ത്തി തരുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടല്ലോ'

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച മാധ്യമങ്ങളെ കളിയാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. എട്ടാം തിയ്യതി ചേരുന്ന എല്‍ഡിഎഫ് കമ്മറ്റിയാണ് ആരൊക്കെ മത്സരിക്കുമെന്ന തീരുമാനം എടുക്കുക. അതിന് ശേഷം ഒന്‍പതാം തിയ്യതി സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോടിയേരി പറഞ്ഞു.

രണ്ട് മൂന്ന് കക്ഷികള്‍ ഒഴികെയുള്ളവര്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ആവശ്യം ന്യായവുമാണ്. ആ താത്പര്യത്തിനനുസരിച്ച് തീരുമാനമെടുക്കുക എല്‍ഡിഎഫാണ്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച മുന്‍വിധിയില്ലെന്നും ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഇടതുമുന്നണി പ്രഥമ പരിഗണന നല്‍കുകയെന്നും കോടിയേരി പറഞ്ഞു. 

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നിങ്ങള്‍കൊടുക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് പറയാനാവില്ല. ചിലതൊക്കെ പറഞ്ഞുതരുന്നവര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ടല്ലോയെന്ന് കോടിയേരി പറഞ്ഞു. നൂറ് കണക്കിന് മാധ്യമങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ക്കെങ്കിലും അത്തരത്തില്‍ ഒരു വാര്‍ത്ത ലഭിച്ചാല്‍ അതിന് സ്വീകാര്യത ലഭിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമല്ലോയെന്ന് കോടിയേരി പറഞ്ഞു. 
നിങ്ങള്‍ വാര്‍ത്ത കൊടുത്തയാളുകള്‍ സ്ഥാനാര്‍ത്ഥികളല്ലെന്ന് വരുമ്പോള്‍ ചിലപ്രശ്‌നങ്ങളും കാണുന്നുണ്ട്. നിങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേള്‍ക്കുമ്പോള്‍ വിചാരിക്കും ശരിയാണെന്ന്. സീറ്റ് കിട്ടാതെ വരുമ്പോള്‍ അവര്‍ ബുദ്ധുമുട്ടിലാകും. അത്തരത്തിലുള്ള ആളുകളെ കുഴപ്പത്തില്‍ ചെന്ന് ചാടിക്കാന്‍ നിങ്ങളുടെ പരിപാടി സഹായിക്കുമെന്ന് കോടിയേരി പറഞ്ഞു.

എന്നാല്‍ ഒരു ഗുണമുണ്ട് ആ പേരു കേള്‍ക്കുന്ന ആള്‍ക്ക് അത് ഒരു ആശ്വാസമായിരിക്കും. അതുകൊണ്ട് നിങ്ങള്‍ കൂടുതല്‍ ആളുകളുടെ പേര് പറയുന്നത് നല്ലതാണ്. പരിഗണിച്ചു എന്ന് അവര്‍ക്ക് സന്തോഷിക്കുകയും ചെയ്യാമല്ലോ. കുറെ പേര് കേള്‍ക്കുമ്പോള്‍ അവരെ പാര്‍ട്ടി പരിഗണിച്ചെന്ന സന്തോഷമുണ്ടാകും. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോള്‍ അവരെ പാര്‍ട്ടി പരിഗണിച്ചിട്ടുപോലുമുണ്ടാകില്ലെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ എനിക്ക് ഒരു അനുഭവമുണ്ടായി. ഒരാള്‍ എന്നോട് ചോദിച്ചു നിങ്ങളെന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചുപോലുമില്ലല്ലോ. എന്തേ അങ്ങനെയെന്ന് പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ പേര് പത്രത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു അയാളുടെ മറുപടി. ഇത്തരം വാര്‍ത്തകള്‍ അങ്ങനെ ഒരു പ്രതികരണം ഉണ്ടാക്കുമെന്ന് എനിക്ക് അപ്പോഴാണ് തോന്നിയത്. നിങ്ങളുടെ ഈ പരിപാടി കൊണ്ട് ഗുണമുണ്ട്. ചിലര്‍ക്ക് ആശ്വാസവും ചിലര്‍ക്ക് നിരാശയും ഉണ്ടാക്കുമെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com