പത്തനംതിട്ടയിൽ നറുക്ക്  ശ്രീധരൻപിള്ളയ്ക്കോ, സുരേന്ദ്രനോ ? ; പട്ടിക അഴിച്ചുപണിയാൻ ആർഎസ്എസ് ; വൻമാറ്റങ്ങൾക്ക് സാധ്യത

നേതാക്കൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, കേന്ദ്രനേതൃത്വവും ആർഎസ്എസും പട്ടികയിൽ മാറ്റങ്ങൾ നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ
പത്തനംതിട്ടയിൽ നറുക്ക്  ശ്രീധരൻപിള്ളയ്ക്കോ, സുരേന്ദ്രനോ ? ; പട്ടിക അഴിച്ചുപണിയാൻ ആർഎസ്എസ് ; വൻമാറ്റങ്ങൾക്ക് സാധ്യത

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി നേതൃത്വം സമർപ്പിച്ച സ്ഥാനാർഥിപ്പട്ടികയിൽ കാര്യമായ അഴിച്ചുപണിയുണ്ടായേക്കുമെന്ന് സൂചന. സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, കേന്ദ്രനേതൃത്വവും ആർഎസ്എസും പട്ടികയിൽ മാറ്റങ്ങൾ നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ പേരാണ്‌ അന്തിമമായി ഇടംപിടിച്ചിരിക്കുന്നത്‌.

പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലി ആശയക്കുഴപ്പം ഉയർന്നിരുന്നു. കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൻസ്‌ കണ്ണന്താനം മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചതോടെയാണ് പത്തനംതിട്ട സീറ്റിൽ തീരുമാനമെടുക്കുന്നത് വൈകിയത്. സംസ്ഥാനഘടകം തയ്യാറാക്കിയ പട്ടികയിൽ കണ്ണന്താനത്തിന്റെ പേരുണ്ടായിരുന്നില്ല. പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരുടെ പേരുകളാണ് ഇവിടെ പരിഗണനയിലുണ്ടായിരുന്നത്.

എന്നാൽ, പത്തനംതിട്ട കിട്ടിയാൽ മത്സരിക്കാമെന്ന നിലപാടാണ് കണ്ണന്താനം കേന്ദ്രനേതാക്കളെ അറിയിച്ചത്.   പത്തനംതിട്ട തന്റെ പ്രവർത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും അറിയിച്ചു. ഇതോടെ പത്തനംതിട്ട സീറ്റിനെച്ചൊല്ലി സ്ഥാനാർത്ഥി നിർണയം ആകെ അനിശ്ചിതത്വത്തിലാകുകയായിരുന്നു. 

കേരളത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ഇന്നലെ രണ്ടുവട്ടമാണ് ചർച്ചകൾ നടന്നത്. തുടർന്ന്, കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലും ചർച്ച തുടർന്നു. സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ, വി മുരളീധരൻ എം പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രാത്രി വൈകി 12.30 വരെ തുടർന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിനുശേഷം പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയുടെ പേരാണ് അന്തിമ പരിഗണനയിലുള്ളതെന്നാണ് സംസ്ഥാനനേതാക്കാൾ നൽകുന്ന സൂചന.

പത്തനംതിട്ടയ്ക്കുപകരം കെ. സുരേന്ദ്രന് തൃശ്ശൂർ സീറ്റ് നൽകാനാണ് ആലോചന. എന്നാൽ, ഇക്കാര്യത്തിൽ ബി.ഡി.ജെ.എസുമായി ധാരണ ഉണ്ടാക്കണം. എറണാകുളം, തൃശ്ശൂർ, ആലത്തൂർ, വയനാട്, ഇടുക്കി മണ്ഡലങ്ങളാണ് ബി.ഡി.ജെ.എസിന് നൽകിയത്. ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് കരുതുന്ന തൃശ്ശൂർ മണ്ഡലം ബി.ജെ.പി.ക്ക് വിട്ടുനൽകിയാൽ പകരം ആറ്റിങ്ങലോ ആലപ്പുഴയോ കൊടുക്കേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com