ഏഴുവയസ്സുകാരന്റെ പിതാവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി  അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഏഴുവയസ്സുകാരന്റെ പിതാവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി

തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി  അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് കുട്ടിയുടെ പിതാവ് മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിച്ചു.

10 വര്‍ഷം മുന്‍പാണ് സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയെ ഇദ്ദേഹം വിവാഹം ചെയ്തത്. ആ സമയം സിഡിറ്റ് ജോലിക്കാരനായിരുന്നു. പിന്നീട് ടെക്‌നോപാര്‍ക്കിലും അവിടെനിന്ന് ആലുവയിലേക്കും ജോലിസംബന്ധമായി എത്തി. പാപ്പനംകോട് ശ്രീചിത്ര എന്‍ജിനിയറിങ് കോളജില്‍നിന്നു ബിടെക് കരസ്ഥമാക്കിയിട്ടുണ്ട്.

അതേസമയം, കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. തലസ്ഥാനത്ത് ഗൂണ്ടയുമായി ചേര്‍ന്നു മണല്‍കടത്ത് തുടങ്ങിയ അരുണ്‍ അമ്മയെ ഭീഷണിപ്പെടുത്തി നന്തന്‍കോട് ഉണ്ടായിരുന്ന ഫ്‌ലാറ്റ് എഴുതി വാങ്ങി. പിന്നീട് അവിടെയായി താമസം. ഈ സമയത്ത് തന്നെ മദ്യപാനവും ലഹരി ഉപയോഗവും തുടങ്ങിയിരുന്നു.

അരുണിനു കടം കൊടുത്ത 4000 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവുമായി തര്‍ക്കമുണ്ടായി. അതിനുശേഷം അരുണിനെ മണക്കാട് ഉള്ള വീട്ടില്‍ കയറ്റില്ലായിരുന്നു. ബന്ധുക്കളും ഇയാളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. പിന്നീട് കഴിഞ്ഞവര്‍ഷം കുട്ടിയുടെ പിതാവ് മരിച്ചപ്പോഴാണ് അരുണ്‍ വീണ്ടും ഈ വീട്ടിലേക്ക് എത്തിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന യുവതിയുമായി അരുണ്‍ അടുത്തു കൂടി ബന്ധം സ്ഥാപിക്കുകയായിരുന്നു.

യുവാവിന്റെ അപ്രതീക്ഷിത മരണവും അരുണിന്റെ പെട്ടെന്നുള്ള കടന്നുവരവും അന്നുതന്നെ ചില ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ കൂടുതല്‍ ശക്തമായി മാറിയിരിക്കുന്നത്. എന്നാല്‍ മൃതദേഹം ദഹിപ്പിച്ചതിനാല്‍ അരുണിനെയും യുവതിയേയും ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ സൂചന ലഭിക്കൂ. പരാതി ഉയര്‍ന്നതിനാല്‍ അന്വേഷിക്കാനാണു പൊലീസ് തീരുമാനം.

ഏഴുവയസ്സുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഡോകടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നര വയസ്സുള്ള കുട്ടിയെ ആക്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസെടുക്കും. കുട്ടികളുടെ പിതാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

അതേസമയം കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ ആണെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നെത്തിയ വിദഗ്ധ സംഘം പറഞ്ഞു.കുട്ടിക്കു നിലവിലെ ചികിത്സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. മറ്റ് ആശുപത്രിയിലേക്കു മാറ്റാനാവാത്ത അവസ്ഥയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ല. കുട്ടിയായതുകൊണ്ടുതന്നെ പ്രതീക്ഷ പൂര്‍ണമായും കൈവിടുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി രാവിലെ സ്‌കാന്‍ എടുത്തശേഷം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിശ്ചലമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

കുട്ടിയുടെ ശരീരം കഴിഞ്ഞ 48 മണിക്കൂറായി മരുന്നുകളോട് പ്രതികരിക്കുന്നില്ല. കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലാണ്. ശരീരത്തില്‍ യാതൊരു പ്രതികരണവുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com