'മൂലധനശക്തികള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നു ; ഡാറ്റ സുരക്ഷ സുപ്രധാനം' ; സ്പ്രിം​ഗ്ളർ വിവാദത്തില്‍ ഒളിയമ്പുമായി സിപിഐ മുഖപത്രം

വിവരങ്ങളുടെ സ്വകാര്യത അതിന്റെ സുരക്ഷിതത്വം എന്നിവ ഡിജിറ്റല്‍, വിവര, വിനിമയ സാങ്കേതിക വിദ്യകളുടെ ലോകത്ത് അതീവ പ്രാധാന്യം കൈവരിക്കുന്നു
'മൂലധനശക്തികള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നു ; ഡാറ്റ സുരക്ഷ സുപ്രധാനം' ; സ്പ്രിം​ഗ്ളർ വിവാദത്തില്‍ ഒളിയമ്പുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം : സ്പ്രിം​ഗ്ളർ വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും സിപിഎം കേരളനേതൃത്വത്തിന്റെയും നിലപാടിനെതിരെ ഒളിയമ്പുമായി സിപിഐ മുഖപത്രം. വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു. വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണ് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണം തുടങ്ങിയ അമൂല്യ ലോഹങ്ങള്‍, പെട്രോളിയം ഉല്പന്നംപോലുള്ള തന്ത്രപ്രധാന പ്രകൃതി വിഭവങ്ങള്‍ എന്നിവയുടെ സ്ഥാനത്ത് സമാഹൃതവിവരം ഡിജിറ്റല്‍ യുഗത്തില്‍ സമ്പദ്ഘടനയുടെയും സാമ്പത്തിക വ്യവഹാരങ്ങളുടെയും അടിത്തറയായി മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പത്ത് ഉല്പാദനത്തിന്റെയും മൂലധന കേന്ദ്രീകരണത്തിന്റെയും ചൂതാട്ട സമാനമായ ലാഭഗണനയുടെയും നിര്‍ണായക ഘടകമായിരിക്കുന്നു സമാഹൃത വിവരം.
അതുകൊണ്ടുതന്നെ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത അതിന്റെ സുരക്ഷിതത്വം എന്നിവ ഡിജിറ്റല്‍, വിവര, വിനിമയ സാങ്കേതിക വിദ്യകളുടെ ലോകത്ത് അതീവ പ്രാധാന്യം കൈവരിക്കുന്നു എന്ന് ലേഖനം വ്യക്തമാക്കുന്നു.

വിവര ലഭ്യതയും അതിന്റെ വിനിയോഗവും ആയിരിക്കും സമ്പത്തിന്റെ നിയന്ത്രണം ആരുടെ പക്കലെന്നു നിര്‍ണയിക്കുക. ഡാറ്റാ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോണ്‍, ഗൂഗിള്‍, ഫേണ്ടസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികള്‍. അവര്‍ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികള്‍ അവരുടെ വ്യവസായവാണിജ്യ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ഡാറ്റ അത്തരം കമ്പനികള്‍ സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തത് സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. അവ കൈവശമില്ലാത്തവര്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ഇന്ത്യയില്‍ 'ആധാര്‍' എന്നറിയപ്പെടുന്ന 'യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ' വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഡാറ്റാ സ്വകാര്യത എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ നിയമപരമായി ആര്‍ക്കൊക്കെ എന്തിനുവേണ്ടി ലഭ്യമാകും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഡാറ്റാ സുരക്ഷിതത്വമാകട്ടെ ആര് എവിടെ സമാഹൃത വിവരങ്ങള്‍ സൂക്ഷിക്കുന്നുവെന്നതും അതിന്റെ നിയന്ത്രണം സംബന്ധിച്ച പ്രക്രിയയെ സംബന്ധിച്ച കാര്യങ്ങളാണ്. ഡാറ്റ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും സ്വതന്ത്രമായ നിലനില്പ് ഇല്ല. അവ പരസ്പരപൂരകങ്ങളാണ്. വികസിത യൂറോപ്യന്‍ രാജ്യങ്ങളടക്കം വിവരസുരക്ഷിതത്വം, സ്വകാര്യത എന്നിവ സംബന്ധിച്ച് ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍  നടന്നിട്ടുണ്ട്. എന്നാല്‍ അവയിലേറെയും മൂലധന ശക്തികള്‍ക്ക് ഏറെ അനുകൂലമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നു എന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com