വസന്തയെ വീട്ടില്‍ നിന്നും മാറ്റി; അറസ്റ്റ് ചെയ്യാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാര്‍ ; വീഴ്ച അന്വേഷിക്കുമെന്ന് മന്ത്രി

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു
കടകംപള്ളി സുരേന്ദ്രന്‍ മരിച്ച ദമ്പതികളുടെ മക്കളെ കാണുന്നു, വസന്ത / ടെലിവിഷന്‍ ചിത്രം
കടകംപള്ളി സുരേന്ദ്രന്‍ മരിച്ച ദമ്പതികളുടെ മക്കളെ കാണുന്നു, വസന്ത / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ, മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. 

ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വസന്തയെ കസ്റ്റഡിയില്‍ എടുത്തതെന്ന് ഡിവൈഎസ്പി പറഞ്ഞു. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പറയാനാകില്ല. തുടര്‍നടപടികള്‍ സംബന്ധിച്ച് നിയമപരമായി ആലോചിക്കും. കുറ്റം ചെയ്യാതെ തന്നെ അറസ്റ്റ് ചെയ്തതിന് ദൈവം ചോദിക്കുമെന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോകുന്നതിനിടെ വസന്ത പറഞ്ഞു. 

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ കസ്റ്റഡിയിലെടുക്കാന്‍ നടപടിയുണ്ടാകും. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും, മരിച്ച രാജന്റെയും അമ്പിളിയുടെയും വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. 

തെറ്റുകാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. വിഷയം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കുട്ടികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യാപ്രേരണയ്ക്ക് പരാതിക്കാരിക്കെതിരെ നടപടി വേണമെന്നും അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

പരാതിക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യാതെ, മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാര്‍ പരാതിക്കാരിയായ വസന്തയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com