'എന്നെ ഇടിച്ചിട്ടത് ആടല്ല' , ആശ മാതാപിതാക്കളോട് പറഞ്ഞു, അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് ; അറസ്റ്റ്

മകളുടെ അവസാന വാക്കുകള്‍ അച്ഛനമ്മമാരെ വേട്ടയാടി
'എന്നെ ഇടിച്ചിട്ടത് ആടല്ല' , ആശ മാതാപിതാക്കളോട് പറഞ്ഞു, അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് ; അറസ്റ്റ്

കൊല്ലം : കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) ആണ് അറസ്റ്റിലായത്.  'എന്നെ ഇടിച്ചിട്ടത് ആടല്ല'  എന്ന് ആശുപത്രിയില്‍ മരണത്തോടു മല്ലിട്ട അവസാന മണിക്കൂറുകളില്‍ ആശ മാതാപിതാക്കളോട് പറഞ്ഞത് നിര്‍ണായക വഴിത്തിരിവായി. 

അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും ഇതല്ലാതെ, ഭര്‍ത്താവിന്റ പേര് ആശ പറഞ്ഞിരുന്നില്ല. കൊടുംക്രൂരത നിശ്ശബ്ദം സഹിച്ച്, ആശ മരണത്തിന് കീഴടങ്ങി. എന്നാല്‍ മകളുടെ അവസാന വാക്കുകള്‍ അച്ഛനമ്മമാരെ വേട്ടയാടി. ആട് ഇടിച്ചതിനെത്തുടര്‍ന്നു വീണു പരുക്കേറ്റെന്ന ഭര്‍ത്താവിന്റെ മൊഴി അവര്‍ വിശ്വസിച്ചില്ല. 

ഒടുവില്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവാണ് പ്രതിയെന്ന് തെളിഞ്ഞത്. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ് - ശോഭ ദമ്പതികളുടെ മകള്‍ ആശ കഴിഞ്ഞ നാലിനാണ് മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വീടിനു സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണ് ഭര്‍ത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത്. 

എന്നാല്‍ മദ്യപിച്ചെത്തിയ അരുണ്‍ ഒക്ടോബര്‍ 31ന് ആശയുമായി വഴക്കിട്ടു. അരുണ്‍ വയറ്റില്‍ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com