സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് ശനിയാഴ്ച വൈകീട്ട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആരില്‍ നിന്നും  കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് വിവാദമായത്. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

അതേസമയം താന്‍ ഒരു പെരുമാറ്റചട്ടവും ലംഘിച്ചിട്ടില്ല എന്നതാണ് പിണറായിയുടെ പ്രതികരണം. ഇന്ന് കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൗജന്യ വാക്‌സിന്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം പറയുന്നത്, വേറൊന്നും പറയാനില്ലാത്തതുകൊണ്ട് പറയുന്നതാണ്. നമ്മുടെ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കോവിഡിനെതിരായ ചികില്‍സ സൗജന്യമായിട്ടുള്ളത്. തുടക്കം മുതല്‍ സൗജന്യമാണ്. 

അങ്ങനെ സൗജന്യമായിട്ടുള്ള സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പൈസയുടെ കുത്തിവെയ്പ്പിന്റെ പണം ഇങ്ങു പോരട്ടെ എന്ന് സര്‍ക്കാര്‍ കണക്കാക്കുമോ. കോവിഡിനെതിരെ സൗജന്യ ചികില്‍സയാണ് നടത്തിവരുന്നത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും. അതിന് ഒരു കാശും ഈടാക്കില്ല എന്നാണ് പറഞ്ഞത്. അതില്‍ ഒരു പെരുമാറ്റ ചട്ടലംഘനവും ഇല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com