യുവനടിയെ അപമാനിച്ചത് 25 വയസ്സില്‍ താഴെയുള്ള രണ്ടുപേര്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th December 2020 02:58 PM  |  

Last Updated: 19th December 2020 03:30 PM  |   A+A-   |  

Police have released footage of the accused in the case who tried to insult the young actress

സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന്

 

കൊച്ചി: യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികകളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്‌റ്റേഷന്‍, സൗത്ത് റയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇവര്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല.25 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. 

രണ്ടുപേരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വനിത, യുവജന കമ്മിഷനുകള്‍ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവം നടന്ന സമയത്തെ പൂര്‍ണ സിസിടിവി ദൃശ്യങ്ങള്‍ ലുലു മാള്‍ അധികൃതര്‍ പൊലീസിനു കൈമാറി.

കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മാളില്‍ വച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. തിരക്കൊഴിഞ്ഞ സ്ഥലത്തുവച്ചു തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്നീട് പിന്തുടര്‍ന്നെത്തി ശല്യം ചെയ്‌തെന്നുമാണ് താരം പറയുന്നത്. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തിനൊപ്പം മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പരാതി നല്‍കുന്നില്ല എന്നായിരുന്നു നടിയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ, കളമശേരി പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയില്‍ നിന്നു പരാതി എഴുതി വാങ്ങി.