നറുക്കെടുപ്പില്‍ ഭാഗ്യം യുഡിഎഫിനൊപ്പം ; കളമശ്ശേരിക്കും പരവൂരിനും പിന്നാലെ കോട്ടയവും നേടി

നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളും ഭരണം പിടിച്ചത്.
ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ബിൻസി സെബാസ്റ്റ്യൻ/ ഫെയ്സ്ബുക്ക് ചിത്രം
ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ബിൻസി സെബാസ്റ്റ്യൻ/ ഫെയ്സ്ബുക്ക് ചിത്രം

കൊച്ചി : ഇരു മുന്നണികളും തുല്യനിലയിലായതോടെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാടകീയമായ മൂന്നു നഗരസഭകളിലും യുഡിഎഫിന് വിജയം. കോട്ടയം, കളമശ്ശേരി, പരവൂര്‍ നഗരസഭകളുടെ ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളും ഭരണം പിടിച്ചത്. 

കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മില്‍ നിന്നും ഷീജ അനിലും യുഡിഎഫില്‍ നിന്ന് ബിന്‍സ് സെബാസ്റ്റ്യനുമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും 22 വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ ബിന്‍സി വിജയിച്ചു. 

നഗരസഭയിലെ കക്ഷി നില അനുസരിച്ച് എല്‍ഡിഎഫിന് 22 ഉം യുഡിഎഫിന് 21 ഉം കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഇരു മുന്നണികളും തുല്യനിലയിലായത്. യുഡിഎഫിനെ പിന്തുണച്ച ബിന്‍സിയെ ഐക്യമുന്നണി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. 

കൊല്ലം ജില്ലയിലെ പരവൂരില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ പി ശ്രീജ വിജയിച്ചു. ഇതോടെ വര്‍ഷങ്ങളായി ഇടതുമുന്നണി ഭരിച്ച നഗരസഭ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എല്‍ഡിഎഫിലെ ഷൈലജയെയാണ് പരാജയപ്പെടുത്തിയത്. കൊല്ലം ജില്ലയില്‍ യുഡിഎഫിന് ഭരണം ലഭിച്ച ഏക നഗരസഭയാണ് പരവൂര്‍.

എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭയും നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടിയിരുന്നു. കോണ്‍ഗ്രസിലെ സീമ കണ്ണനാണ് കളമശ്ശേരി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിന്റെ ചിത്ര സുരേന്ദ്രനാണ് പരാജയപ്പെട്ടത്. രണ്ട് സ്വതന്ത്രര്‍ എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍, ഒരു സ്വതന്ത്രന്‍ യുഡിഎഫിനൊപ്പം നിലകൊള്ളുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com