യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ല; യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണമെന്ന് കെ സുരേന്ദ്രന്‍

പരസ്പരം മല്‍സരിക്കുക എന്നതില്‍ നിന്നും കേരള രാഷ്ട്രീയത്തെ പരസ്പരം ഒത്തുതീര്‍പ്പ് എന്ന നിലയിലേക്കാണ് ഇരുകൂട്ടരും എത്തിച്ചിട്ടുള്ളത്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

പാലക്കാട് : യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവിന്റെ സ്വന്തം പഞ്ചായത്തായ ചെന്നിത്തലയില്‍ യുഡിഎഫിന്റെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ഇടതുമുന്നണിക്ക് നല്‍കിയിരിക്കുകയാണ്. യുഡിഎഫ് എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും പരസ്യമായ കൂട്ടുകെട്ടാണ്. രാഷ്ട്രീയത്തിലെ എല്ലാ നൈതികതകളെയും ലംഘിച്ചുകൊണ്ടാണ് ഇരുകൂട്ടരുടെയും കൂട്ടുകെട്ട്. അധികാരത്തിനായി പോപ്പുലര്‍ ഫ്രണ്ടുമായിപ്പോലും സഖ്യമുണ്ടാക്കാന്‍ കേരളത്തിലെ മതേതര കക്ഷികളെന്ന് പറയുന്നവര്‍ സഖ്യമുണ്ടാക്കുന്നു. 

പരസ്പരം മല്‍സരിക്കുക എന്നതില്‍ നിന്നും കേരള രാഷ്ട്രീയത്തെ പരസ്പരം ഒത്തുതീര്‍പ്പ് എന്ന നിലയിലേക്കാണ് ഇരുകൂട്ടരും എത്തിച്ചിട്ടുള്ളത്. ഭരണം ബിജെപിക്ക് ലഭിക്കുന്ന സാഹചര്യമുള്ള സ്ഥലങ്ങളിലെല്ലാം രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ എന്തിനാണ് എല്‍ഡിഎഫും യുഡിഎഫും രണ്ട് മുന്നണികളായി നില്‍ക്കുന്നത്. എന്തിനാണ് പരസ്പരം മല്‍സരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത്. 

ഹരിപ്പാട് രാഷ്ട്രീയലാഭത്തിന് വേണ്ടി ചെന്നിത്തല യുഡിഎഫ് സംവിധാനത്തെ കുഴിച്ചുമൂടുകയാണ്. ഹരിപ്പാട് തോല്‍ക്കുമെന്നുള്ള ഭീതി മൂലമാണ് ചെന്നിത്തല ഇടതുപക്ഷവുമായി കൈകോര്‍ക്കുന്നത്. യുഡിഎഫ് എല്‍ഡിഎഫിന് അടിമവേല ചെയ്യുകയാണ്. യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ല. ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാരിന് ഒരാവശ്യവുമില്ലാതെ യുഡിഎഫ് പോയി പിന്തുണ നല്‍കുകയാണ്. 

പ്രതിപക്ഷത്തിന്റെ ധര്‍മ്മം പാലിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. സര്‍ക്കാരിന്റെ കൊള്ളരുതായമകളെ ചൂണ്ടിക്കാണിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു. പരസ്പരം ഒരുമിച്ച് അധികാരം പങ്കിടുന്നവര്‍ എങ്ങനെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്തു ധാര്‍മ്മികതയുടെ പേരിലാണ് രമേശ് ചെന്നിത്തലയും കൂട്ടരും പിണറായി വിജയനെ നേരിടാന്‍ പോകുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com