യുവതിയോട് കൂടെ പോരുന്നോയെന്ന് യുവാവ്, അശ്ലീല ആംഗ്യം ; അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രവൃത്തിയെന്ന് കോടതി, എഫ്‌ഐആര്‍ റദ്ദാക്കില്ല

ബൈക്കില്‍ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: രാത്രിയില്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ചത് സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും മുറിവേല്‍പ്പിക്കുന്ന  പ്രവൃത്തിയാണെന്ന് ഹൈക്കോടതി. പൊലീസ് ചാര്‍ജുചെയ്ത എഫ്‌ഐആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. തിരുവനന്തപുരം കടകംപിള്ളി സ്വദേശി അഭിജിത്തിന്റെ(23) ഹര്‍ജിയാണ് ജസ്റ്റിസ് നാരായണ പിഷാരടി തള്ളിയത്.

രാത്രി 9.30ന് യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. ബൈക്കില്‍ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പേട്ട പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്. ഇത് റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

വാക്കാലോ ചേഷ്ടയാലോയുള്ള പ്രവൃത്തി സ്ത്രീത്വത്തെ അപമാനിക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാഹചര്യവും വസ്തുതകളും പരിശോധിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങള്‍ ഒരുവിധത്തിലും ബാധിക്കാതെ വേണം കീഴ്‌ക്കോടതിയില്‍ കേസിന്റെ വിചാരണ നടത്തേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com