'ഒരു തെളിവും അവശേഷിക്കരുത്‌', മോഷണത്തിന് തടസ്സമായ സിസിടിവി മോഷ്ടിച്ചു; അതിബുദ്ധിയില്‍ മറ്റൊരു സിസിടിവിയില്‍ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌  |   Published: 22nd January 2020 12:01 PM  |  

Last Updated: 22nd January 2020 12:01 PM  |   A+A-   |  

 

തിരുവനന്തപുരം: മോഷണം നടത്തുന്നതിന് തടസ്സമായ സിസിടിവി മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ കുടുങ്ങി. മോഷണം തടയുന്നതിന് പ്രദേശത്തിന്റെ മറ്റൊരു ഭാഗത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ബാലരാമപുരം തലയല്‍ ഇടക്കോണം തോട്ടിന്‍കര വീട്ടില്‍ സില്‍ക്ക് അനി എന്ന് വിളിക്കുന്ന അനി, തേമ്പാമുട്ടം പണയില്‍ പുത്തന്‍വീട്ടില്‍ അജി എന്നു വിളിക്കുന്ന രാജേഷ് എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമ റസിഡന്റ് അസോസിയേഷനാണ് ജംഗ്ഷനില്‍ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇതില്‍ ഒരെണ്ണം അഴിച്ച് മാറ്റുന്നതാണ് രണ്ടാമത്തെ സിസിടിവിയില്‍ കുടുങ്ങിയത്. ജനുവരി 20നാണ് ഇവര്‍ സിസിടിവി മോഷ്ടിച്ചത്.

സ്ഥിരം മോഷ്ടാവായ അനിയെ പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് രാജേഷിലേക്ക് അന്വേഷണം എത്തിയത്. സിസിടിവി ക്യാമറ നീക്കം ചെയ്ത ശേഷം വരും ദിവസങ്ങള്‍ മറ്റ് മോഷണങ്ങള്‍ നടത്താനായിരുന്നു പദ്ധതി. ഒരുമ റസിഡന്റ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.