മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ടിപി സെൻകുമാറിനെതിരെ കേസ്

വാർത്താസമ്മേളനത്തിനിടെ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു
മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ടിപി സെൻകുമാറിനെതിരെ കേസ്

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന സുഭാഷ് വാസു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കേസ്. ഇരുവരും ചേര്‍ന്ന് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം.  

മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദ് ചോദ്യം ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും കൂടെയുണ്ടായിരുന്നവര്‍ കൈയേറ്റത്തിന് ശ്രമിച്ചെന്നുമാണ് പരാതി. മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ പരാതി കോടതിക്ക് കൈമാറി. കോടതി അനുമതിയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തകനെതിരെ സെന്‍കുമാര്‍ നല്‍കിയ പരാതിയും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്

ഈ മാസം 16ന് വെള്ളാപ്പള്ളി നടേശനെതിരായ അഴിമതി ആരോപണങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറുകയായിരുന്നു. ഇതോടെ നാടകീയ രംഗങ്ങൾ ഉടലെടുത്തു. സെൻകുമാറിനൊപ്പം വന്ന രണ്ട് പേർ മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്തു.

സെൻകുമാറിനെ ഡിജിപിയാക്കിയതു തനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്നു മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചതാണു സെൻകുമാറിനെ പ്രകോപിപ്പിച്ചത്. താങ്കൾ മാധ്യമ പ്രവർത്തകനാണോ, മദ്യപിച്ചിട്ടുണ്ടോ, ചോദ്യം ഉന്നയിക്കുകയാണെങ്കിൽ വേദിക്കു മുന്നിൽ വന്നു ചോദിക്കണമെന്നും സെൻകുമാർ പറഞ്ഞു.

വേദിക്കു മുന്നിൽ എത്തിയ കടവിൽ റഷീദിനോട് ഇതേ ചോദ്യങ്ങൾ അദ്ദേഹം ആവർത്തിച്ചു. താൻ അക്രഡിറ്റേഷൻ ഉള്ള ലേഖകനാണെന്നും മദ്യപിച്ചോ എന്നറിയാൻ പരിശോധനയ്ക്കു വിധേയനാകാൻ തയാറാണെന്നും ലേഖകൻ പറഞ്ഞു.

ഇതിനിടെയാണു സെൻകുമാറിന്റെ കൂടെ വന്ന ചിലർ അദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. മറ്റു മാധ്യമ പ്രവർത്തകർ ഇടപെട്ടതോടെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചവരോടു പുറത്തു പോകാൻ സെൻകുമാർ തന്നെ ആവശ്യപ്പെട്ടു. ലേഖകൻ ഗുരുതരമായ രോഗത്തിനു ചികിത്സയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com