കൊറോണ : സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍ ; നെടുമ്പാശ്ശേരിയിൽ പ്രത്യേക ഹെല്‍ത്ത് ഡെസ്ക് തുറന്നു

28 ദിവസത്തേക്ക് പൊതുപരിപാടികളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം
കൊറോണ : സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍ ; നെടുമ്പാശ്ശേരിയിൽ പ്രത്യേക ഹെല്‍ത്ത് ഡെസ്ക് തുറന്നു

തിരുവനന്തപുരം : കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍ നിന്ന് ഇന്നലെ 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിൽ നിന്നും കഴിഞ്ഞദിവസം പേരാവൂരിൽ എത്തിയ ഒരു കുടുംബം ആരോ​ഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവർ അടക്കം കണ്ണൂരിൽ മാത്രം 12 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

മലപ്പുറം ജില്ലയിൽ ഒരാളും നിരീക്ഷണത്തിലുണ്ട്. ഇവർക്കെല്ലാം ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നൽകി. 28 ദിവസത്തേക്ക് പൊതുപരിപാടികളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.  അതേസമയം കേരളത്തിൽ ആർക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. എങ്കിലും ഇൻക്യുബേഷൻ പിരിയഡ് കഴിയുന്നതുവരെ ഇവർ നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വൈറസ് പടരുന്നത് തടയാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  ഇമിഗ്രേഷന്‍ കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്ക് തുറന്നു. തെർമൽ ക്യാമറകളും സജ്ജമാക്കി. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്കുകളും നല്‍കുകയും ചെയ്തിട്ടുണ്ട്.  ചൈനയ്ക്ക് പുറമെ ഹോങ്കോങ്, താ‌യ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, സിങ്കപ്പൂ‍ര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്ട്രേലിയ, ഫ്ലാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com