കൊച്ചി ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്?; സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ധിക്കുന്നു, ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ്, നാളെ മുതല്‍ കര്‍ശന പരിശോധന 

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാവുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത
കൊച്ചി ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്?; സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ധിക്കുന്നു, ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ്, നാളെ മുതല്‍ കര്‍ശന പരിശോധന 

കൊച്ചി:  എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാവുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത. ഇന്ന് അഞ്ചുപേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതില്‍ കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന നാലുപേര്‍ ഉള്‍പ്പെടും. ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറാണ് അഞ്ചാമത്തെയാള്‍. സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ വര്‍ധിച്ചാല്‍  ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അതിനുളള സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ നാളെ രാവിലെ മുതല്‍ കര്‍ശന പരിശോധന ആരംഭിക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇന്നലെ നാലുപേര്‍ക്കാണ് ജില്ലയില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെല്ലാനം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യയാണ് ഇതില്‍ ഒന്ന്. 

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായതിനെ തുടര്‍ന്ന്് ആശങ്കയുടെ കേന്ദ്രമായി മാറിയ എറണാകുളം ബ്രോഡ് വേയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. എറണാകുളം മാര്‍ക്കറ്റിലെ 135 പേരില്‍ സ്രവ പരിശോധന നടത്തിയതില്‍ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവായതാണ് ആശ്വാസം പകര്‍ന്നത്. ഇന്ന് ജില്ലയില്‍ ഏഴുപേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 191 പേരാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com