കത്തികൊണ്ട് കഴുത്തിൽ കുത്തി, രക്തം ദേഹത്ത് വീണതോടെ ഭയന്നു; വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ യുവാവ് അറസ്റ്റിൽ

പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അയൽവാസിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് പിടികൂടി. കട്ടപ്പനയിലെ കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്‌സി കോളനിയിൽ മണി(43) ആണ് പിടിയിലായത്. അതേ കോളനിയിലെ 65 കാരിയായ അമ്മിണിയെ ഇയാൾ കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം.

ജൂൺ രണ്ടിനാണ് അമ്മിണി കൊലചെയ്യപ്പെടുന്നത്. രാത്രി 8.30ന് അമ്മിണിയുടെ വീട്ടിൽ എത്തിയ മണി അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. അമ്മിണി ബഹളം കൂട്ടിയതോടെ കഴുത്തിൽ അമർത്തിപ്പിടിക്കുകയും കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാൻ വീണ്ടും ശ്രമിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ട് കുത്തി. രക്തം ദേഹത്തു വീണതോടെ ഭയന്ന പ്രതി വീട്ടിലേക്കു പോയി. രക്തം വീണ വസ്ത്രം മാറിയ ശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു.

തുടർന്ന് വീട്ടിലേക്ക് തിരിച്ചുപോയി രക്തം വീണ വസ്ത്രങ്ങൾ റോഡരികിൽ കൊണ്ടുവന്നു കത്തിച്ചു. അമ്മിണിയുടെ മൊബൈൽ ഫോൺ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിച്ചു. കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു മുതൽ ഏതാനും ദിവസം മണി കൂലിപ്പണിക്കു പോയി. വീട് അടച്ചിട്ടിരുന്നതിനാൽ അമ്മിണി തമിഴ്നാട്ടിൽ ഭർത്താവിന്റെ അടുത്തേക്കു പോയതായി നാട്ടുകാരും കരുതി. സമീപത്തെ വീട്ടിൽ നിന്ന് തൂമ്പ കൊണ്ടുവന്ന് ജൂൺ 6ന് കുഴിയെടുത്തശേഷം 7ന് രാത്രി മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്നു മൂടി.

അമ്മിണിയുടെ വീട്ടിൽ നിന്ന് ഇൻഡക്‌ഷൻ കുക്കർ, തേപ്പുപെട്ടി, റേഡിയോ എന്നിവയെടുത്ത് മണി തന്റെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ തമിഴ്നാട്ടിലേക്കു പുറപ്പെട്ടെങ്കിലും പാസ് ഇല്ലാത്തതിനാൽ കുമളി വഴി അതിർത്തി കടക്കാൻ സാധിച്ചില്ല.പിന്നീട് പുറ്റടിയിൽ എത്തുകയും അവിടെ നിന്ന് പച്ചക്കറി വാഹനത്തിൽ കയറി തേനിയിൽ എത്തുകയും ചെയ്തു. തുടർന്നാണ് പൊലീസിന്റെ പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com