മുഖ്യമന്ത്രിക്ക് സമനില തെറ്റി ; പ്രവാസികള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യം ശുദ്ധ വിവരക്കേടെന്നും കെ സുരേന്ദ്രന്‍

പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നീചമായ രാഷ്ട്രീയമാണ് ആദ്യഘട്ടത്തില്‍ കാണിച്ചത്
മുഖ്യമന്ത്രിക്ക് സമനില തെറ്റി ; പ്രവാസികള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യം ശുദ്ധ വിവരക്കേടെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയ അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രാഷ്ട്രീയമുതലെടുപ്പ് പരാജയപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോവിഡ് പ്രതിരോധം പി ആര്‍ വര്‍ക്ക് മാത്രമായി തരംതാഴ്ത്തുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി ആലോചിക്കണം.

എന്തെല്ലാം കാര്യങ്ങളാണോ പറഞ്ഞത്, അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. കോവിഡ് ഭീഷണി സംസ്ഥാനത്ത് ശക്തിപ്പെട്ടു വരുമ്പോഴും സംസ്ഥാന സര്‍ക്കാരിന് അതിനെ ഫലപ്രദമായി നേരിടാനുള്ള പ്രായോഗികവും ക്രിയാത്മകവുമായ നടപടികള്‍ എടുക്കുന്നതിലല്ല താല്‍പ്പര്യം. കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ എങ്ങനെ രാഷ്ട്രീയ ലാഭമുണ്ടാക്കാം, എങ്ങനെ സാമ്പത്തിക ലാഭമുണ്ടാക്കാം എന്ന കഴുകന്‍ കണ്ണുകളുമായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നീചമായ രാഷ്ട്രീയമാണ് ആദ്യഘട്ടത്തില്‍ കാണിച്ചത്. മടങ്ങാന്‍ തയ്യാറുള്ള എല്ലാവരെയും കേന്ദ്രസര്‍ക്കാര്‍ തിരികെ കൊണ്ടുവരില്ലെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ടാണ് മാര്‍ച്ച് മാസത്തില്‍ അത്തരമൊരു പ്രചാരണം അഴിച്ചുവിട്ടത്. പ്രവാസികളെ എല്ലാവരെയും തിരിച്ചുകൊണ്ടുവരണമെന്നും, ഇവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കാനായി ലക്ഷക്കണക്കിന് കിടക്കകള്‍ അടക്കം സജ്ജമാക്കിയതായും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങി എത്തിയപ്പോള്‍ അവരെ പാര്‍പ്പിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ തലത്തില്‍ ഇല്ല എന്നതാണ് സത്യം. പ്രവാസികളെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പോകാനാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. പ്രവാസികള്‍ക്ക് കോവിഡ് പരിശോധനാസര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യം യുദ്ധ വിവരക്കേട് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയ ആളെ പുറത്തുവിടില്ല. മുഖ്യമന്ത്രി ഏത് ലോകത്ത് ആണ് ജീവിക്കുന്നത് എന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

പ്രവാസികള്‍ വരേണ്ടെന്ന സര്‍ക്കാര്‍ നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളിലും അഴിമതിയിലും പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് പടിക്കലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, കരമന ജയന്‍, എസ് സുരേഷ്, വി വി രാജേഷ് തുടങ്ങിയവര്‍  ധര്‍ണയില്‍ പങ്കെടുത്തു. 17-ാം തീയതി ജില്ലാ കേന്ദ്രങ്ങളിലും 19-ാം തീയതി നിയോജക മണ്ഡലം കേന്ദ്രങ്ങളിലും സര്‍ക്കാരിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് ബിജെപി തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com