പുറത്ത് നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണം; അല്ലെങ്കില്‍ സമൂഹ വ്യാപനത്തില്‍ ചെന്നെത്തും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അടുത്തിടെ വിദേശത്ത് നിന്ന് എത്തിവരില്‍ 133 പേര്‍ക്ക് രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍
പുറത്ത് നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണം; അല്ലെങ്കില്‍ സമൂഹ വ്യാപനത്തില്‍ ചെന്നെത്തും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്തിടെ വിദേശത്ത് നിന്ന് എത്തിവരില്‍ 133 പേര്‍ക്ക് രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 75 പേര്‍ യുഎഇയില്‍ നിന്നുളളവരാണ്. 25 പേര്‍ കുവൈത്തില്‍ നിന്നുളളവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശരിയായ പരിശോധനയ്ക്കും  ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ നിന്ന് നാട്ടില്‍ എത്തിയ 71 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 72 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്ന് നാട്ടില്‍ എത്തിയ 35 പേരിലാണ് രോഗബാധ കണ്ടെത്തിയത്. ആരോഗ്യസംരക്ഷണത്തിന് രജിസ്‌ട്രേഷന്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ആരോടും വിവേചനം ഇല്ല. മറ്റു പോംവഴികള്‍ ഇല്ലാത്തതു കൊണ്ടാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലാണ് പിന്നീട് ചെന്ന് എത്തുകയെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

ഒന്നിച്ച് നിന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതുവഴി രോഗവ്യാപനം തടയാന്‍ സാധിച്ചു. ഒരു ഘ്ട്ടത്തില്‍ ചികിത്സയിലുളളവരുടെ എണ്ണം 16ലേക്ക് ചുരുങ്ങിയിരുന്നു. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ പ്രവാസികള്‍ ആകെ ഒന്നിച്ച് എത്തുകയാണെങ്കില്‍ പ്രശ്‌നം സൃഷ്ടിക്കും.. ലക്ഷകണക്കിന് ആളുകളാണ് വിദേശത്തും ഇതരസംസ്ഥാനങ്ങളിലും ഉളളത്. വിസാ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു ഗുരുതര രോഗങ്ങള്‍ അലട്ടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുക.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3,80,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2,16,000 പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1,01079 പേര്‍ നാട്ടില്‍ എത്തി. വിദേശത്ത് കഴിയുന്ന 1,34,000 പേരാണ് നാട്ടില്‍ എത്താന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  മെയ് 25 വരെ 11,189 പേര്‍ സംസ്ഥാനത്ത് എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com