കോടതിയില്‍ മഞ്ജു വാര്യരുടെ നിര്‍ണായക വെളിപ്പെടുത്തല്‍; വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടിയെ ജീവനോടെ കത്തിക്കുമെന്ന് ഭാമയോട് ദിലീപ് ഭീഷണി മുഴക്കിയിരുന്നു. തന്റെ ആദ്യ വിവാഹം തകര്‍ത്തത് നടിയാണെന്നു പറഞ്ഞായിരുന്നു ഭീഷണി
മഞ്ജു വാര്യര്‍ (ഫയല്‍)
മഞ്ജു വാര്യര്‍ (ഫയല്‍)

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യസാക്ഷികളില്‍ ഒരാളായ നടി മഞ്ജു വാര്യരുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ വിചാരണക്കോടതി രേഖപ്പെടുത്താന്‍ വിസമ്മതിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതില്‍. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയോട് അനുബന്ധിച്ചുള്ള സത്യവാങ്മൂലത്തിലാണ്‌
സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ദിലീപ് മകള്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചതായി മഞ്ജു കോടതിയില്‍ വെളിപ്പെടുത്തിയിരുന്നെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. ''ഫെബ്രുവരി 27നാണ്, കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരെ ക്രോസ് എക്‌സാമിന്‍ ചെയ്തത്. സ്വഭാവഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെ അവരോടു പല ചോദ്യങ്ങളും പ്രതിഭാഗം അഭിഭാഷകര്‍ ചോദിച്ചു. വര്‍ഷങ്ങളായി മകളുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല എന്നു സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചോദ്യങ്ങള്‍. ഈ പശ്ചാത്തലത്തില്‍, എന്നാണ് മകളുമായി അവസാനം സംസാരിച്ചതെന്ന് റീ എക്‌സാമിനേഷനിടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അവരോടു ചോദിച്ചു. ഫെബ്രുവരി 24ന് മകള്‍ ഫോണില്‍ വിളിച്ചിരുന്നെന്നും അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് അഭ്യര്‍ഥിച്ചതായും മഞ്ജു മറുപടി നല്‍കി. കോടതിയില്‍ സത്യമേ പറയൂ എന്ന് മകളോടു പറഞ്ഞതായും മഞ്ജു വ്യക്തമാക്കിയിരുന്നു. റീ എക്‌സാമിനേഷനിലെ ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇതു രേഖപ്പെടുത്താന്‍ ജഡ്ജി വിസമ്മതിച്ചു''- സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സപെഷല്‍ പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കോടതി ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ആക്രമിക്കപ്പെട്ട നടി തന്നെ ചില സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും അതും കോടതി അവഗണിച്ചു. 2013ല്‍ അബാദ് പ്ലാസയില്‍ വച്ചു നടന്ന സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ നടിയെ ജീവനോടെ കത്തിക്കുമെന്ന് ഭാമയോട് ദിലീപ് ഭീഷണി മുഴക്കിയിരുന്നു. തന്റെ ആദ്യ വിവാഹം തകര്‍ത്തത് നടിയാണെന്നു പറഞ്ഞായിരുന്നു ഭീഷണി. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞെന്ന് നടി കോടതിയില്‍ വെളിപ്പെടുത്തിയെങ്കിലും രേഖപ്പെടുത്തിയില്ല. കേട്ടുകേള്‍വി മാത്രമാണ് എന്നു പറഞ്ഞാണ് ജഡ്ജി അതു തള്ളിയത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെടിട്ടും ഇക്കാര്യം രേഖപ്പെടുത്താന്‍ കോടതി വിസമ്മതിച്ചു.

ദിലീപ് സാക്ഷികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പലവട്ടം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. 

സെപ്റ്റംബര്‍ 16ന് സലിം എന്ന സാക്ഷി കൂറുമാറിയപ്പോള്‍ പ്രോസിക്യൂട്ടര്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പു തന്നെ ഇടപെട്ട ജഡ്ജി ക്ഷുഭിതയായി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇനിയും സാക്ഷികളെ വിസ്തരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ ഇടപെടല്‍. അതോടെ കൂറുമാറിയ സാക്ഷിയില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിയാനായില്ല. 

ആക്രമിക്കപ്പെട്ട നടിയുടെയും സര്‍ക്കാരിന്റെയും താത്പര്യത്തിനു വിരുദ്ധമാണ് ജഡ്ജിയുടെ സമീപനമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു. പ്രതികളെ സഹായിക്കും വിധം പക്ഷപാതിത്വത്തോടെയാണ് ജഡ്ജി ഇടപെടുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com