തൃശൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ചേറ്റുവ ഹാര്‍ബര്‍ അടച്ചിടാന്‍ ഉത്തരവ് ; ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചുപൂട്ടും ; പൊതുജന സഞ്ചാരത്തിനും നിയന്ത്രണം

രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ കച്ചവട സ്ഥാപനങ്ങൾ  തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശൂര്‍ : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ചേറ്റുവ ഹാര്‍ബറും, എത്തായി മുതല്‍ നമ്പിക്കടവ് വരെ എല്ലാ ബീച്ചുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊതുജന സഞ്ചാരം നിയന്ത്രിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ മേഖലയില്‍ അവശ്യ സേവനങ്ങള്‍ക്കും ചികിത്സയ്ക്കും അല്ലാതെ പൊതുനിരത്തുകളിലെ യാത്രകള്‍ അനുവദനീയമല്ല. ജില്ലയില്‍ കോവിഡ് നിയന്ത്രണത്തിന് സ്വീകരിച്ച എല്ലാ നടപടികളും നിലനില്‍ക്കുമ്പോഴും ചേറ്റുവ ഹാര്‍ബറിലും നമ്പിക്കടവ് വരെയുള്ള തീരപ്രദേശത്തും ജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്ന  സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.നഗരസഭയും വ്യാപാരികളും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമെടുത്തത്. 

എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. നഗരസഭയില്‍ വഴിയോര കച്ചവടം പാടില്ല. കടകളിലും ബാങ്കുകളിലെ എടിഎമ്മുകളിലും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാക്കി. കടകളിലും ഹോട്ടലുകളിലും വരുന്നവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പറുകളും കടമുടമകള്‍ രേഖയായി സൂക്ഷിക്കണം. 

കടകളിലെ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികള്‍ എടുക്കും. ഹോട്ടലുകളില്‍ രാത്രി ഏഴിനു ശേഷം ഓണ്‍ലൈന്‍ പാര്‍സല്‍ വിതരണത്തിന് അനുമതിയുണ്ട്. നഗരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നഗരം വീണ്ടും അടച്ചു പൂട്ടും. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടിയാലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ തെറ്റിച്ചാലും പൊതുജനങ്ങള്‍ക്ക് 9400063428 എന്ന വാട്ട്‌സ് ആപ് നമ്പരില്‍ അറിയിക്കാം. കോവിഡ് ചട്ടലംഘനം കണ്ടെത്താന്‍ നാലു സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com