തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ ക്രമക്കേടുണ്ട്
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അദാനി എന്റര്‍പ്രൈസസിന് വിമാനത്താവളം നടത്തിയുള്ള മുന്‍പരിചയമില്ല. വിമാനത്താവള നടത്തിപ്പ് കൈമാറ്റം പൊതുതാല്‍പ്പര്യത്തിന് അനുസൃതമല്ല. അതിനാല്‍ അദാനിക്ക് വിമാനത്താവളം നടത്തിപ്പ് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സംസ്ഥാന സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. അതിനാല്‍ വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്പനിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ ക്രമക്കേടുണ്ട്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതായിരുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേരള സര്‍ക്കാരിന് ഓഹരി പങ്കാളിത്തമള്ള കമ്പനികള്‍ക്കാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്. അദാനി ഗ്രൂപ്പ് നല്‍കുന്ന അതെ തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തള്ളിയിരുന്നു. സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നത് ഉള്‍പ്പടെയുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com